ഇത്തിരിക്കുഞ്ഞന്മാരുടെ പെരും സത്യം
ഇത്തിരിക്കുഞ്ഞന്മാർ
വിശ്വൈക പൗരന്മാർ
ഞങ്ങളെയറിയുമോ കൂട്ടുകാരെ
(ഇത്തിരി)
തൂണിലും തുരുമ്പിലും
തീയിലും തണുപ്പിലും
കൊടുമുടിത്തുമ്പിലും
കടലിനാഴത്തിലും
പെരുകിപ്പരക്കുമീ
ഞങ്ങളെയറിയുമോ?
(ഇത്തിരി)
കണ്ണാലെ കാണാനാവാത്തോ-
രെണ്ണിയാൽ തീരത്തോർ
നിങ്ങടെ മുതുമുതു
മുത്തശ്ശിമാർ ഞങ്ങൾ
നിങ്ങൾക്കായ് വഴിവെട്ടി
വീടുതീർത്തോർ
(ഇത്തിരി)
മണ്ണ്, വിണ്ണ്, പൂവ്, പുഴക-
ളെണ്ണമറ്റ സസ്യജാല-
മൊന്നുമില്ലീ പ്രപഞ്ചമില്ല,
നിങ്ങളില്ല; ഞങ്ങളില്ല-
യെങ്കിലെന്ന പെരിയസത്യ-
മെന്നുമെന്നുമോർക്കുക..
(ഇത്തിരി)
ഇത്തിരിക്കുഞ്ഞന്മാർ
ഞങ്ങൾ ചൊന്നീടുന്നൊ-
രിപ്പെരും സത്യം മറക്കാതിരിക്കുക
****
യുറീക്കയുടെ സൂക്ഷ്മജീവിപ്പതിപ്പില്‍ ( ഓഗസ്റ്റ് 2016) പ്രസിദ്ധീകരിച്ച ഒരു കുട്ടിക്കവിത
ശാസ്ത്രം, സത്യം
അതിരുകളില്ലാത്തൊരാകാശം..
അനന്തനീലാകാശം
എണ്ണിയാല്‍ തീരാത്ത
നക്ഷത്രക്കണ്‍ചിമ്മി
നമ്മെ വിളിക്കുന്നു
കാതോര്ക്കുവിന്‍..
നിത്യം വികസിക്കു
മത്ഭുത പ്രകൃതി
യോടൊപ്പം വളരുവിന്‍
കൂട്ടുകാരേ...
കൌതുകക്കണ്‍കളാല്‍
സത്യസൌന്ദര്യങ്ങ-
ളൊന്നിച്ചു നുകരുവിന്‍
കൂട്ടുകാരേ..
ആയിരം വര്ണങ്ങളാ
യിരം നാദങ്ങളാ
യിരം രാഗതാളങ്ങള്‍....
പുലരിയായ്
പൂക്കളായ്
പുഴകളാ,യലകളായ്
നിത്യം വിടരുന്നതെന്തു കൊണ്ട്
അത്ഭുതം കൂറുന്ന
കണ്‍കളിലെന്നെന്നും
സൂര്യനായി ചോദ്യം
ജ്വലിച്ചിടട്ടെ!
വളരേണമിച്ചോദ്യം.
ചോദ്യം
നിലയ്ക്കാത്ത ചോദ്യം
അതില്‍ നിന്നു പട വെട്ടി
വിരിയുന്ന ശരി വഴികള്‍..
അത് മര്ത്യവിമോചന മാര്ഗം
അതിനുള്ള പേരാണ് ശാസ്ത്രം..
അത് തന്നെ സത്യം..
ചരിത്രപ്രവേശം
പ്രായത്തിനു ആകാതിരിക്കാനാവില്ലല്ലോ!
വിഗ്, ഹെയര്‍ സ്ടിച്ചിംഗ് മൊട്ടയടി..
പെയിന്റടി.. എല്ലാം ക്ഷണപ്രഭാചഞ്ചലം!..
ജനനതീയതി മറച്ചും
കളര്‍ ബനിയനുകള്‍ മാറി മാറിയിട്ടും
നടത്താവുന്ന നീക്കുപോക്കുകള്‍ അതിലും പരിമിതം.
അനിവാര്യമായ മെമ്മറി ലോസ്സ്
ആദ്യം കണ്ടെത്തുന്നത് ഭാര്യയാണെങ്കില്‍
ഒരു വിരട്ടിലോ ബ്ലാക്ക് മെയിലിലോ
സ്വല്പകാലം തളയ്ക്കാം..
പക്ഷെ പത്രക്കാരന്റെ പേര് തെറ്റി വിളിക്കുന്നതും
അപ്പുണ്ണിയെ കിട്ടുണ്ണിയായ് കാണുന്നതും
പതിവായാല്‍ അയല്‍പക്കം കർത്തവ്യ നിരതമാകും..
പറഞ്ഞു വന്നത്.. ഈ ഘട്ടത്തില്‍ ഒഴിവാക്കാനാവാത്ത
ചില ടി വി പരസ്യങ്ങളെപ്പോലെ കൊണ്ടുകയറുന്ന
ചരിത്ര പ്രവേശന ത്വരയെക്കുറിച്ചാണ്..
താന്‍ തന്നെ കർത്തവ്യവും കര്മവും കാരകവുമാകുന്ന
പല കഥകളും ഈ ഘട്ടത്തില്‍ പിറന്നു വീഴും..
ഇത്തരം കഥകള്‍ കേട്ട് കോരാത്ത കുളിരും കോരി
നിസ്സഹായരായി മരിച്ചു വീണവരുടെ
എണ്ണം നിസ്സാരമല്ല പോല്‍.
അക്ഷരലേശമില്ലാതെ അര്ഥം കൊണ്ട്
കഥകളും ആത്മകഥകളും രചിച്ചാണ്
പലരും ചരിത്രപ്രവേശം നടത്താറത്രെ.
ഒന്നിനെ പത്തോ പതിനായിരമോ ആക്കിയും
സത്യത്തിന്മേല്‍ ഫോട്ടോ ഷോപ്പ് പ്രയോഗിച്ചും
നടത്തിപ്പോന്ന ചരിത്ര പ്രവേശത്തിന്
ഇപ്പോള്‍ പുത്തന്‍ ആപ്പുകള്‍ പോലും ഉണ്ട് പോല്‍..
++++++
ഓര്‍മകള്‍ അഭയാര്ഥികള്‍
ഓര്‍മകള്‍ അഭയാര്ഥികള്‍
മനസ്സും വീടും നാടും വന്‍കരകളും ഉപേക്ഷിച്ചു
പൊടുന്നനെ
എന്തിനെന്നും
എവിടെക്കെന്നും അറിയാത്ത
യാത്രകളിലേക്ക് എടുത്തെറിയപ്പെടുന്നവര്‍.
ഇതാ ഇപ്പോള്‍ ഞങ്ങളുടെ പടിക്കപ്പുറം
അളഗപ്പന്‍റെ കൈവണ്ടിയില്‍, നീലച്ച
പ്ലാസ്ടിക് വിരിക്കടിയില്‍ കുത്തിനിറഞ്ഞ്
എങ്ങോട്ടെന്നറിയാതെ യാത്രയാവുന്ന
തുരുമ്പും പൊടിയും ചിതലും പിടിച്ച ഓര്‍മകള്‍...
മാലിന്യ മുക്തിയെക്കുറിച്ചുള്ള
പുത്തന്‍ അവബോധത്തെ തുടര്‍ന്നു
പരിസര ദിനത്തില്‍ പെട്ടെന്ന് അഭയാര്‍ഥികളായവര്‍
പഴയ മാസികകള്‍, പ്രേമലേഖനങ്ങള്‍ മയില്‍പ്പീലിത്തുണ്ടുകള്‍ ,
ഓട്ടുപത്രങ്ങള്‍, കൌതുകക്കവറുകള്‍ കല്യാണക്കത്തുകള്‍...
ഞങ്ങളുടെ ജീവിതം പൈംപാലായി തിളച്ചു തൂവുന്നതും
ഇടക്കൊക്കെ പുളിച്ച പച്ചമോരിന്‍റെ പരുവമാവുന്നതും
കണ്ടും കണ്ണടച്ചും ഫ്യുസായിപ്പോയ ബള്‍ബുകള്‍,
ആദ്യരാവിലെ കര്‍ട്ടനുകള്‍..,
ഹൃദയ ചിഹ്നമുള്ള തൂവാലകള്‍
കറങ്ങിത്തളര്ന്ന ഫാനുകള്, കപ്പുകള്, കുപ്പികള്..
മുകേഷും റാഫിയും ലതാമങ്കേഷക്കറും ദാസെട്ടനുമൊക്കെ
ഞങ്ങളുടെ സിരകളില്‍ വന്നണഞ്ഞ കുഞ്ഞന്‍ ട്രാന്സിസ്റ്റര്‍.
ഒരുമിച്ചു മൂളിനോക്കിയ കവിതകള്‍.,.പാതികുറിച്ചിട്ട കഥകള്‍..
സിനിമാ നോട്ടീസുകള്‍..മുറിച്ചെടുത്ത് വച്ച പത്രവാര്‍ത്തകള്‍
ആദ്യത്തെ ബസ് ടിക്കറ്റ്..തീപ്പെട്ടിപ്പടങ്ങള്‍
തപാല്‍ മുദ്രകള്‍
എന്തൊരു സ്നേഹത്തോടെ കാത്തു കാത്തു വച്ചവ..
എത്ര പെട്ടെന്നാണ് വർത്തമാനം ഓര്മയവുന്നത്..
പ്രേമലേഖനങ്ങള്‍ മാലിന്യമാവുന്നത്
അവ പാത്തു വച്ച നീലച്ച പ്ലാസ്റ്റിക് നിരോധിക്കപ്പെടുന്നത്..
“എന്തിനാ താനിങ്ങനെ അണ്ടി പോയ അണ്ണാനെപ്പോലെ..?”
അളഗപ്പന്‍റെ ഉന്തുവണ്ടി ഞങ്ങളുടെ ഓര്‍മകള്ടെ ശവമഞ്ചം പോലെ ഉരുണ്ടു നീങ്ങവേ..
നമ്മടെ ചങ്ങായിടെ കണ്ണീന്നു ഒരു നീര്മടണി താഴോട്ടൊഴുകിയിറങ്ങി...
മറ്റൊരു അഭയാര്ഥിയെപ്പോലെ.........
ഞാന്‍ ഗാന്ധി..നാം ഗാന്ധി
ഹിംസയ്ക്കുപോലും മഹാഗാന്ധിരൂപം..
ലഭിക്കുന്നോരീ കെട്ട കാലത്ത്, കൂട്ടരേ,
പണ്ട് മുക്കിലും മൂലയിലും
നെഞ്ചിലോകല്ലിലോ പണിതിട്ട
ഗാന്ധിമാര്ക്കൊപ്പം
നമുക്കിരിക്കാം, കാവലായ്..
അവര്‍ അവയെ തോക്കും വാക്കും
ചൂണ്ടി പ്രതികളാക്കും നേരം...
കൈകളാകാശത്തോളമുയർത്തി
ഉച്ചത്തിലത്യന്തം ശാന്തരായ്
നമുക്കുറച്ചുച്ചരിക്കാം..
“ഞാന്‍ ഗാന്ധി.. നാം ഗാന്ധി”
ഓര്‍മല്ല്യല്ലോ.. ഒന്നും..!!
ഓര്‍മയുടെ താക്കോല്‍ക്കൂട്ടം കളഞ്ഞു പോയി ട്ടോ!!
തലയണച്ചോട്ടിലും ശീപോതിയറയിലും
കുളക്കടവിലും നടവഴികളിലുടനീളവും
പിന്നെ പഴഞ്ചൊല്ലുപ്രകാരം കുടത്തിലും
ഒക്കെ നോക്ക്ണ്ടായീ.. കൂട്ടക്കാരേ..സത്യായിട്ടും....
ആകെ ആലോസരായി.. ഒന്നും ഓര്‍മയിലില്ല
ഒന്നും ന്നു വച്ചാ ഒന്നും..
...
മനസ്സ് ഒഴിഞ്ഞൊരു കൂടു പോലെ
വരാന്തയുടെ മൂലയില്‍ കാറ്റത്തു ആടിക്കൊണ്ടിരിക്ക്യാ...
അതിനിടയ്ക്ക് ദാ കേട്ടില്ലേ പിന്‍സ്വരം?
“അങ്ങന്നെ വേണം.. ഓര്‍മ ലേശം കൂടുതലായിരുന്നേ..
നന്നായി.. ഇനി അപ്പപ്പോളത്തെ മാമ്പഴക്കൂട്ടാന്‍റെ
അല്ലെങ്കി ബീഫ് പൊരിച്ചതിന്‍റെ ( ശ്ശ്,,,)
ഉപ്പും മുളകും രുചീം ഓര്‍ത്താ മതീല്ലോ..”
പിന്നെപ്പിന്നെ ഒക്കെ ശീലായീ ട്ടോ..
അല്ലെങ്കിലും എന്തിനാന്നേ ഈ ഓര്മ ..?
വെര്‍തെ വേദനിക്കാനും വേദനിപ്പിക്കാനും ..ല്ലേ?
പഴയ രുചികള്‍.. പാട്ടുകള്‍.. ശീലങ്ങള്‍
സ്വപ്‌നങ്ങള്‍.. പ്രേമങ്ങള്‍.. നേതാക്കള്‍.. മുദ്രാവാക്യങ്ങള്‍..
ഒക്കെ മാറ്റണംന്ന് പ്രസംഗത്തില്‍ കേള്‍ക്കു മ്പോ
ഇത്രയ്ക്ക് എളുപ്പാവുംന്ന് ഒട്ടും നിരീച്ചില്ല..!!
ഏതായാലും കേമായി..
ങ്ങേ.. എന്തെ പറഞ്ഞേ?
ഫാസിസംന്നോ.. അഹിംസാന്നോ.. അയ്യയ്യോ
ഒന്നും ഒര്‍മയില്ലല്ലോ.. ഒരു ലേശം പോലും....
കേട്ട പരിചയം പോലും ല്ല്യാ ട്ടോ..
ഇനി ഞാന്‍ ഉറങ്ങട്ടെ ട്ടോ..
ഓര്‍മകളുടെ
സുഖമോ ഭാരമോ ഇല്ലാതെ..
മലര്‍ന്നു കിടന്ന്.. ചത്തപോലെ..
ഇതന്യാവും മോക്ഷം... ല്ലേ??.
*********
കെ. കെ. കൃഷ്ണകുമാര്‍
24-07-17
ടേക്ക് കെയര്‍!!
ആഴങ്ങള്‍ പുറം തോലികള്‍ക്ക്
വഴി മാറുന്ന കാലം..
തങ്ങി്‍ നില്‍ക്കാന്‍
ഇടവും നേരവും ഇല്ലാതെ
പെട്ടെന്ന് പെട്ടെന്ന്
ഒളിച്ചോടുന്ന ദൃശ്യങ്ങള്‍..
ഒട്ടിച്ചു വക്കാവുന്ന
ചിരി ഭേദങ്ങള്‍
വരച്ചു ചേര്‍ക്കാവുന്ന
കണ്ണുകള്‍ കണ്ണുനീര്‍..
നിന്‍റെ ചുംബനത്തില്‍ പോലും
വല്ലാത്തൊരു ധിറുതി..
പരസ്യത്തിന്‍റെ രുചി!
എല്ലാരും എല്ലാരോടും
പറയുന്നു
"ടേക്ക് കെയര്‍"!!
ആര്? ആരെ ? ആവോ?!!
പൊങ്കാല
ഒരു കൊല്ലം കിട്ടിയ ആട്ടും തുപ്പും
അവഗണനകളും പരിഹാസച്ചിരികളും
അട്ടഹാസങ്ങളും പീഡനങ്ങളും...
പിന്നെ പറയാതെ അറിയുന്നതോക്കെയും...
അരിയും ശർക്കരയും ലേശം
തേങ്ങയും ചേർത്ത് തിളപ്പിച്ച് വേവിച്ച്
ഇന്ന് പൊങ്കാലയിട്ടു..
പ്രസാദമാക്കി
തന്നവവർക്കൊക്കെ
മടക്കി കൊടുത്തു....
ഇനി പുതിയൊരു കലമെടുക്കണം..
നാളെ വീണ്ടും തുടങ്ങില്ലേ...!!!
മോക്ഷം
മയങ്ങുക കണ്ണേ മദിരയിലൂറു-
മിരുട്ടിന്‍ പതാളങ്ങളി-
ലൊക്കെ മറന്ന്, തളര്‍ന്നു മയങ്ങുക..
നിന്നെ വെളിച്ചത്തിന്‍റെ
വിശുദ്ധിയിലേക്കു നയിക്കാനെന്‍റെ
തളര്‍ന്ന മനസ്സിനു മോഹം.
വേണ്ട, വിളക്കിന്‍ നീറും
വെട്ടം നിന്നെ വളര്‍ത്തും
വളര്‍ച്ചയില്‍ നിന്‍റെയഗാധധയി--
ലോരുഷസ്സു പിറക്കു--
മുഷസ്സുവളര്‍ന്നോ-
രത്യുഗ്രതയായ്മാറു-
മൊടുക്കം ചൂടില്‍
നീ നിന്നെത്തന്നെയുരുക്കും!
വിഷാദം വേണ്ടിനി
വിളറുക വേണ്ടിനി—
യിരുളിന്‍ മടിരയി-
ലിരവിന്‍ നിദ്രയി-
ലിടവിട്ടിടവിട്ടഭയം
കൊള്ളുക
നിത്യത പൂകുക.
നിന്നെയുണര്‍ത്തിയ
നിന്നെ വളര്‍ത്തിയ
നിത്യതയോടിനി
വിട ചോന്നീടുക.
നിന്നിലുറങ്ങു
മനാദിവിഷാദ
സ്പന്ദത്തിന്‍ കണ
മുരുക്കിക്കളയുക..
മയങ്ങുക
മയങ്ങി, മയങ്ങി
യോടുക്കം നീയൊരു
മരുഭൂമിയുടെ നടുവില്‍
വെളിച്ചം വീണു പിടക്കു-
മഗാധകയത്തി-
ലിരുട്ടുറകൊള്ളും
നരകത്തീയി-
ലുറക്കം വിട്ടുണരും.
അവിടെ യുഗത്തിന്‍
ഗദ്ഗദനാദമുറച്ച
തണുപ്പി, ലുഷസ്സിന്‍
ചോര മണക്കും
കാറ്റുകള്‍ നിന്നെ
പ്പാടിയുറക്കിടു-
മവിടെത്തേടുക
നീ നിന്‍ മോക്ഷം..
*******
വളരെ വര്‍ഷം മുമ്പ് എഴുതിയതാണ്.. കേരള കവിതയുടെ പഴയൊരു ലക്കത്തില്‍
(ജൂണ്‍ 1969) പ്രസിദ്ധീകരിച്ചു.
തെരുവ്
(i)
തെരുവൊരു ഭയങ്കരി
വെളുത്താല്‍ വെളുവെളെ-
ച്ചിരിക്കും, ചിരിയുടെ
വിഷനാരുകളാഞ്ഞെറി
ഞ്ഞിരകളെപ്പിടിക്കു,
മവയുടെ പിടപ്പു കണ്ടുകണ്ടു-
ള്ളിലുറക്കെച്ചിരിച്ചിടും.
തെരുവൊരു ഭയങ്കരി
തിരക്കാണവള്‍ക്കെന്തു-
തിരക്കാണതിരാവിലെ
നാറിയ മുഖമൊക്കെ കഴുകി
പ്പുതുപുത്തന്‍ മോടികളണിയണ-
മാനയായ്, സിംഹമാ, യെലിയായ്
പെരുച്ചാഴിയാ,
യാരോരൊരുമറിയാതെയാടണം.
മൃഗങ്ങളെ മനുഷ്യക്കോലം
കെട്ടിയാട്ടണം, വഴിവക്കിലെ
കുരുടനെ കരുവാക്കി
നേടണം പുണ്യം, വിറ്റ
മാംസത്തിന്‍ വിലയെണ്ണി
തിട്ടമാക്കണ-
മന്തിക്കുറങ്ങാന്‍ വെമ്പിടും
ജനത്തെ കാവലായ് നിർത്തിയി -
ട്ടാണയിട്ടുറപ്പിക്കണ-
മാദിമമഹദ്സത്തകള്‍ !
(ii)
തെരുവൊരു ഭയങ്കരി,
യിരുട്ടില്‍ കറുകറെചിരിക്കു-
മുള്ളകാശിനോരിത്തിരി
കള്ളുമൊത്തിയുറങ്ങിടും
ജനത്തെമയക്കിക്കിട-
ത്തിയി, ട്ടുച്ചക്ക് പുരാവചനം
ചൊല്ലിഭേസിയ മാന്യരെ
വില്‍പ്പനാലയങ്ങളിലേ
ക്കെഴുനെള്ളിച്ചയക്കണ—
മവര്ക്കായ് കണ്ണ് പൊട്ടിച്ചു
ഭംഗിയില്‍ ചായം തേച്ചു
മോഹനസ്വപ്നങ്ങളെ-
യണിയിച്ചൊരുക്കണം..
ഇത്തിരി വെളിച്ചം പോലു
മൂറി വീഴാതെ, പകല്‍മാന്യന്മാ-
രിരുട്ടില്‍ മുഖം മൂടിക
ളഴിച്ചു മാറ്റുന്ന, തമ്പിളി
പോലും കാണാതോളിച്ചെ
വച്ചേക്കണ-
മെന്തു തിരക്കാണവള്‍ക്കെന്നോ..!
**
വളരെ പണ്ട് എഴുതിയ ഒരുകവിത. "കേരളകവിത"യില്‍
പ്രസിദ്ധീകരിച്ചത്.
ജീവിതം, പുസ്തകം !!
സ്നേഹം, പാലായി ചുരന്നു വന്നിരുന്ന മിനു മിനുത്ത
ഈ അകിട്ടില്‍ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും
“ ശുഭാപ്തി വിശ്വാസം കൈവിടരുത് “
എന്ന് യന്ത്രം പോലെ നീ മൊഴിയുുന്ന,
നിന്റെയാ ഒടുക്കത്തെ ക്വൊട്ടേഷന്‍ ഉണ്ടല്ലോ..
അത് എത്ര വലിയ കിത്താബില്‍ നിന്നുള്ളതാണെങ്കിലും
എനിക്ക് ഏറ്റ് വാങ്ങാന്‍ കഴിയില്ല.. സോറി.
സ്ഥലകാലങ്ങളില്‍ നിന്ന് അടർത്തിയെടുത്ത
നിന്‍റെ ഉദ്ധരണികള്‍, ഉടലില്ലാതെ ചിന്തിക്കുന്ന
തലകള്‍ പോലെയാണ്..
നിന്റെ പല പുസ്തകങ്ങളും ശരിക്കൊന്നു
തുറന്നു വച്ചാല്‍ അവയിലെ മിക്ക ഉദ്ധരണികളും
കാറ്റും വെയിലും തേടി
ഏടുകളുടെ വേലി ചാടി ഓടും..
സൂക്ഷിച്ചു നോക്ക്.... ഇപ്പോള്‍ തന്നെ
അവ പുസ്തകത്താളുകളില്‍
പരസ്പരം ഇടഞ്ഞു തല തല്ലിക്കീറുന്നത് കാണുന്നില്ലേ.
പുസ്തകം പോലെ ജീവിക്കാനുള്ള നിന്‍റെ ഈ ശ്രമം ,
ഉദ്ധരണികള്‍ മാത്രം ഛര്ദിക്കുന്ന ഈ നാടകം,
പ്രിയേ, പറയാതെ വയ്യ,
ദയനീയമാണ്, പരമ ദയനീയം..
ജീവിതത്തില്‍ നിന്നാ പുസ്തകം വന്നേ
മറിച്ചല്ല... മറക്കേണ്ട..
**********
കൃകു 27-02-16
ഇന്നത്തം
ഇന്നത്തം..എന്തുമാവട്ടെ
മനസ്സിന്നട്ടത്തനാഥമായ് ഞാലും
പഴയ പൂക്കൂട കെട്ടഴിക്കാം..
ആലസ്യത്തിന്‍ ചില്ലുകൂടുകള്‍
വിട്ടോണപ്പാട്ടൊന്നു മൂളാം
പാടേ മാഞ്ഞുമാഞ്ഞില്ലാതാകും
പാടത്തിന്‍ പച്ചപ്പിലേക്കും
വറ്റിത്തീരും തോട്ടിറമ്പിലെ
പഴയ തുമ്പിതോപ്പിലേക്കും
തെളികണ്ണുമായ് ചെന്നിറങ്ങാം..
കാണും പത്തു തുമ്പകളിപ്പോഴും
കൂടെ കണ്ണിരുമായഞ്ചാറുമുക്കുറ്റിയും
നാണത്താലേ നീല ച്ചോരൊടിച്ചുകുത്തിയും
കൂടെക്കൂട്ടാമിവരെയോക്കെയും
പിന്നെയില്ലാ മുറ്റത്തോരിത്തിരി
കിട്ടാച്ചാണകം മേഴുകാം..
എന്നിട്ടില്ലായ്‌മ, വല്ലായ്മയെല്ലാം മറ-
ന്നെല്ലാവര്‍ക്കുമായ്, നിനവോടെ
നിറമനസ്സോടെ, സ്നേഹത്തിന്‍
കുഞ്ഞിപ്പൂക്കളം തീര്‍ക്കാം...
***
കൃകു 21, ആഗസ്റ്റ് 2012
പഴംചൊല്‍ പതിരുകള്‍
പഴംചൊല്‍ പതിരുകള്‍
പന്ത്രണ്ടു സീരിയലും കണ്ടു മടുത്തപ്പോ
മടിയന്‍ ഒരു മല ചുമക്കാം എന്നു കരുതി.
മല നോക്കി ചെന്നപ്പോ മലയൊക്കെ ഫ്ലാറ്റ്!
അവടെല്ലാം അംബരം ചുംബിക്കും ഫ്ലാറ്റ്!
*
വഴിവാണിഭമേന്തോന്നെന്നറിയാനായ് നമ്മടെ
പുന്നരപ്പോന്നാട്, പാത്തുമ്മേടാട്,
അയല്‍പക്കത്തങ്ങാടീല്‍, ഇല വാങ്ങാന്‍ പോയി
ഇല വാങ്ങാന്‍ ചെന്നപ്പൊളെന്താണ് പുകില്!
അങ്ങാടി പൂട്ടിയിട്ടമ്മായി പോയെന്നൊരു
പാട്ടിന്‍റെ കൂത്ത്..
അങ്ങാടി നിന്നെടത്തമ്പമ്പോ മാള്‍, മാള്‍..
മിന്നിത്തിളങ്ങുന്ന മാള്‍, പുലിവാല്‍/ള്‍...
*
ഇന്നത്തെയത്താഴം പഴംചോല്ലോണ്ടാവാം
എന്നും നിരൂപിച്ചു കുട്ട്യോളടമ്മ
അരനാഴി പഴംചോല്ലെടുത്തൊന്നു പാറ്റി
മണിയൊന്നുമില്ലതില്‍ മുഴുവനും പതിര്!!
****
29 july 2012, കൃകു
വിഗ്നേശ്വര സ്തുതി
തെരുവോരത്തെ വിഗ്നേശ്വര വിഗ്രഹത്തിനു മുന്നിലേക്ക്
സന്താപങ്ങളും സന്തോഷങ്ങളും
പരിഭവങ്ങളും പരാതികളും പേറി
പരസഹസ്രം തേങ്ങകള്‍ അതിവേഗം പാഞ്ഞുചെന്ന്
ഉടഞ്ഞു കൊണ്ടിരുന്നു..
അളിയന്‍റെ കാലോടിയാന്‍ ആയിരം തെങ്ങ,
ഒടിഞ്ഞ തോളെല്ലടുക്കാന്‍ അമ്പതു തേങ്ങ
കസേര കിട്ടാനും തെറിക്കാനും തേങ്ങ,
വിവാഹം നടക്കാനും മുടക്കാനും തേങ്ങ
പരീക്ഷ എഴുതിയ കൊച്ചന്‍ ഓരോ വിഷയത്തിനും
വെവ്വേറെ തേങ്ങ വേണമെന്ന് ഒരേ വാശി
“ഏഴു രൂപ എട്ടു രൂപ” എന്ന് അപ്പുപ്പനും
“എട്ട്, പത്തു” എന്ന് അമ്മൂമ്മയും
പൊട്ടാനുള്ള തെങ്ങകളെ ഉയര്‍ത്തിപ്പിടിച്ചു
പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു..
ഏതു വിഷയത്തിനാണ് തങ്ങളിങ്ങനെ
പോട്ടിക്കൊണ്ടിരിക്കുന്നതെന്ന്
അറിയാന്‍ അവകാശം വേണമെന്ന് ഒരു തേങ്ങ.
“വിശ്വാസങ്ങളില്‍ ഇടംകൊലിടെണ്ട” കൊച്ചനേ
എന്നൊരു കുടുമക്കാരന്‍ തേങ്ങ..
വെറുതേ ഈ വിധം പൊട്ടാതെ, കുറേ നാള്‍ കൂടി
അമ്മേടെ മണ്ടയിലിരുന്നു കടല്‍ കാണാമായിരുന്നു
എന്നൊരു ഇളത്തതേങ്ങയുടെ ആത്മഗതം.
അതിനിടെ മാസാമാസം തേങ്ങയിടാന്‍
ആളെക്കിട്ടാന്‍ ഒരാള്‍ ഒരു തെങ്ങയുടച്ചത് ശ്രദ്ധേയമായി.
പെട്രോള്‍ വിലയുമായി ബന്ധപ്പെട്ടു ഉടഞ്ഞ തേങ്ങകളുടെ
എണ്ണമറിയാന്‍ ഗവേഷകനു ജിജ്ഞാസ..
ഗുണ്ടാ തേങ്ങകളുടെ എണ്ണമെടുത്താല്‍
തുമ്പില്ലാക്കേസുകള്‍ പലതും തെളിയുമെന്ന്
അഭിഭാഷക ബുദ്ധി..
തേങ്ങ എറിഞ്ഞെറിഞ്ഞു കൈകുഴഞ്ഞ പരികര്‍മി
കോപാകുലനായി ആഞ്ഞുടച്ച ഒരു തേങ്ങ
ആറായ് പിളര്‍ന്നതിലൊരു തുണ്ട്
പാറിപ്പറന്നു തെരുവില്‍ പതിച്ചതും
അന്നം കിട്ടാത്ത ഒരു കറുമ്പന്‍ നായും
അപ്രകാരം തന്നെയുള്ള ഒരു പിച്ചക്കാരിയും
അതിന്‍റെ അവകാശത്തിനായി
ചര്‍ച്ചയിലേര്‍പ്പെട്ടതും വാല്ക്കകഷണം..
എല്ലാം കണ്ടുള്ള ഗജമുഖ സുസ്മിതത്തിനു
ഭക്ത്യാദരപൂര്‍വം ഒരു തേങ്ങ..
********************
കൃകു 30-09-2011
ആസ്തമനങ്ങള്‍
ഓരോ സൌഹൃദവും ഒടുങ്ങുന്നത്
സൂര്യാസ്തമനം പോലെയാണ്..
മനസ്സിന്‍റെ പടിഞ്ഞാറേ മാനത്ത്
നിറച്ചും ചേംചോര പടരും,
നേര്‍ത്ത വേദനയുടെ
കൂര്‍ത്ത വെള്ളിസ്സൂചികള്‍
ഒന്നൊന്നായി ആണ്ടുകയറും,
ഓര്‍മ്മപ്പക്ഷികള്‍ ഓരോരുത്തരായി
തിരിച്ചു പറക്കും,
കാറ്റ് ഒച്ചയനക്കാതെ
ഉള്ളിലെ ഇലകളില്‍ പടര്‍ന്ന് വിതുമ്പും
സ്നേഹത്തിളക്കങ്ങള്‍ പതുക്കെപ്പതുക്കെ
കടലും ആകാശവും പോലെ
എല്ലാം മായ്ക്കുന്ന ഇരുളിലലിയും..
ചീവീടുകള്‍ മാത്രം
തത്വജ്ഞാനികളെപ്പോലെ
ചിലച്ചു കൊണ്ടിരിക്കും..
ഒടുവില്‍ നിദ്രയുടെ
കട്ടിക്കംബിളിയില്‍
ദുസ്വപ്നങ്ങളെപ്പുണര്‍ന്നു
അറിയാതെ ഉറങ്ങും..
നാളെ അസ്തമിക്കാനായി
സൂര്യനുദിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ..
എന്നിട്ടെന്തു?
വീണ്ടും ഉദയം..
വീണ്ടും തളിര്‍ക്കുന്ന സൌഹൃദങ്ങള്‍
പിന്നെ..വീണ്ടുംവീണ്ടും
ചോരപുരണ്ട അസ്തമനങ്ങള്‍..
**********************
കൃകു 29, ഏപ്രില്‍, 2012
കര്‍ത്താവേ… ഈ കല്ല്….!!
കര്‍ത്താവേ പണ്ടെന്നോ അങ്ങ് പറഞ്ഞ
തിരുവചനമൊരെണ്ണം മനസ്സില്‍ വച്ച്
അബദ്ധത്തിനു
ഒരു കല്ല് കയ്യിലെടുത്തതാന്നേ....
സംഗതി ആകെ പൊല്ലാപ്പായിപ്പോയി..
പാപിയെ പോയിട്ട്
എന്നെങ്കിലും ഒരു പാപം ചെയ്യണം എന്ന്
സ്വകാര്യമായി വിശാരിക്കുന്ന
ഒരുത്തനെ പോലും ഇവടെങ്ങും കണ്ടു കിട്ടാനില്ല....
ഒന്ന് കല്ലെറിയാന്‍...!!
എല്ലാവരും കുറ്റവിമുക്തരാകുന്ന കാലമല്ല്യോ..
കുറ്റങ്ങള്‍ ജീവനും കൊണ്ട് നാടുവിട്ട്
ഓടുന്ന കാഴ്ച ഒന്നു കാണണം
ഹ ഹാ.. എന്തോരു കുതൂഹലം..!!
കോരിത്തരിക്കും കേട്ടാ...
ഇപ്പ നുണപരിശോധനക്കു വന്ന യന്ത്രങ്ങള്‍
നാണിച്ചു നാവും വിരലും കടിച്ചു ഒരു നില്‍പ്പാ..
പഴയ കൈമുക്കുരുളികളില്‍
വെട്ടിത്തിളച്ചീരുന്ന നെയ്യ്
(മുന്‍കാ ല പ്രാബല്യത്തോടെ) കട്ടിയായി
ബട്ടര്‍ സ്കൊച്ച് ഐസ്ക്രീമാവുന്നു..
പോട്ടെ..അത് കള...
ഞാനിപ്പ ഈ കല്ലെന്തു ചെയ്യാനെക്കൊണ്ട്..?
അത് പറ.. അവനവനെത്തന്നെ എറിയാനാ..
പിന്നേ.. അത് നടന്നത് തന്നെ..
ആരും കാണാതെ ഇത് കടലിലേക്ക്
ആഞ്ഞെറിഞ്ഞ്.. ഒരു പുഞ്ചിരി തൂകാം..
അത് മതി.. പിണങ്ങല്ലേ...!
ഒന്ന് ചോയിച്ചോട്ടെ?
അല്ലാ, ഒരു കാര്യം ചോയിച്ചോട്ടെ?
ഇനി ഇപ്പൊ എങ്ങണ്ടാ തിരിയണ്ടെ?
ഒരു മെലിഞ്ഞ മൂപ്പര് പറഞ്ഞു എടത്തോട്ടു തിരിഞ്ഞിട്ടു,
നേരെ നടന്നിട്ട്, നികത്യ പാടം കടന്നിട്ടു
വെള്ളം വററൃ പോഴേന്‍റെ പാലം കേറീട്ട്
കുത്തനെ മേപ്പട്ട്... പിന്നെ വലത്തോട്ട്...
ശ്ശി നടന്നേ, ന്ന്‍ട്ടോ?
ചുറ്റിത്തിരിഞ്ഞ് ഇബടെന്നെ എത്തി..
മറ്റെ തടിച്ച മൂപ്പര് പറഞ്ഞത് വലത്തോട്ട് തിരിഞ്ഞിട്ട്
മൈതാനം പോലത്തെ റോഡീക്കൂടെ
കുത്തനെ നടന്നിട്ട്, ചവറുകൂനേം താണ്ടീട്ടു,
( മൂക്ക് പൊത്തിപ്പിടിച്ചിട്ടു) പിന്നെ ഇറങ്ങീട്ട് എടത്തോട്ട്...
അങ്ങനേം നടന്നേ..അപ്പളും.ദാ, ഇബടെന്നെ ..
കുട്ട്യേ, ഇയ്യ്, മക്കാറാക്കാണ്ടെ,
ഒരു വയി പറഞ്ഞു തരോ..
പഠിപ്പും വിവരോം ഒക്കെ ള്ള ആളല്ലേ?
എടങ്ങറായിട്ടാ.
ഞ്ഞി എങ്ങടാ തിരിയണ്ടെ?
അബടെ എത്തണ്ടേ?
***************************
കൃകു 31, July 2012
ഖുര്‍ജയിലെ കവികള്‍
ഖുര്‍ജയില്‍ അവര്‍ കളിമണ്ണില്‍ കവിത എഴുതും
അപ്പോള്‍ മഴവില്ലുകള്‍ നാണിച്ചു മേഘങ്ങള്‍ക്കിടയില്‍
മറഞ്ഞു നില്‍ക്കും...
വെള്ളി മേഘങ്ങളുടെ നിറമുള്ള താടിയും
ആകാശം പോലെ വിശാലമായ നെറ്റിത്തടത്തില്‍
നിറച്ചും ചുളിവുകളുമുള്ള അബ്ദുള്‍ ഹക്കീമിനോട്
ഞാന്‍ നമ്മടെ ടീ വീക്കാര്‍ ചോദിക്കുന്നതുപോലെ
ചോദിച്ചു:
ഈ പാത്രത്തിന്‍റെ പണി പൂര്‍ത്തിയാകുമ്പോള്‍
അങ്ങേക്ക് എന്ത് തോന്നും?
മഴവില്ല് തോല്‍ക്കുന നിറങ്ങളുള്ള
ചെടിച്ചട്ടിയില്‍ പരുക്കന്‍ കൈവിരലുകള്‍
പതുക്കെ ഓടിച്ചു കൊണ്ട്, മഴക്കാല മേഘങ്ങള്‍ക്കിടയില്‍
മാഞ്ഞു പോകുന്ന സൂര്യനെപ്പോലെ, ചിരിച്ചുകൊണ്ട്
ഹക്കീം ഭായ് പറഞ്ഞു..
എനിക്കപ്പോള്‍ അര ചാക്ക് ആട്ട,
രണ്ടു മൂന്നു കിലോ ആലു, കുറച്ചു തക്കാളി,
ഉപ്പ്, മുളക്
പിന്നെ നൂറു രൂപ വിലയുള്ള
ആമിനയുടെ ചുമ മരുന്ന്
ഒരിത്തിരി ആട്ടിറച്ചി
അമ്മിക്ക് ഒരു ജോഡി ചെരുപ്പ്
ഒക്കെ ഓര്‍മ വരും....
എന്നിട്ട് മുഖത്ത് ബാക്കിനിന്ന ചിരി
ഒരു ചകിരി തുപ്പുകൊണ്ട് തൂത്ത് മാറ്റുന്നത് പോലെ
തൂത്ത് മാറ്റിക്കൊണ്ട് പറഞ്ഞു
ഇതിനോക്കെകൂടി 100-150 രൂപ വേണം.
കിട്ടുന്നത് 25 അല്ലെങ്കില്‍ 30 രൂപാ
അപ്പൊ പിന്നെ എന്താ വഴി?!!
അടുത്ത കവിത ...
അങ്ങനെ ഞങ്ങള്‍ കവിതകള്‍ എഴുതിക്കോണ്ടേയിരിക്കും......
പ്ലാസ്റ്റിക് കാലത്തെ പ്രണയം
നോക്കെന്‍റെ പ്രണയിനീ, ഡിയറീ,
ഭവതി ഇപ്രകാരം ഏതെങ്കിലും
പഴയ നോവലൊക്കെ വായിച്ചിട്ട്
“ച്യാട്ടന്‍റെ കൈപിടിച്ച്..
കാറ്റ്, കുളിരു, ചെന്താമര,
അമ്പലക്കുളം, പച്ചനെല്‍പ്പാടം”
എന്നൊക്കെ പറഞ്ഞാലേ..സോറി
അതൊന്നും നടക്കുന്ന കാര്യല്ല ട്ടോ..!
പിന്നെ നമ്മടെ ഭീംസെന്‍ അങ്കിള്‍
പാടുപെട്ടു പാന്ജലി ആണ്ടിക്ക് വേണ്ടി
കല്യാണ്‍ സൌഗന്ധിക്ക് ഫ്ലവര്‍ കൊണ്ടന്ന പോലെ
ഇടക്ക് ഇല്ലിമുളം കാടിന്‍റെം പച്ചപ്പ്നംതത്തെടേം
ഒക്കെ ഓരോ ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്യാം..
അതിനന്നെ എത്ര കൊതുകുകടി കൊണ്ടിട്ടാ
എന്നറിയണം സ്വീറ്റീ...പ്ലീസ്..
പിന്നേയ് ലല്ലലലം പാടുന്ന തെന്നല്‍സും
കുയില്‍സിന്‍റെ കിളിനാദംസും ഒക്കെ
ജസ്റ്റ് ഡൌണ്‍ലോഡ് ഫ്രം ഗൂഗിള്‍..
എന്നിട്ട് റിംഗ് ടോണ്‍ ആക്ക്...!
"ഡാ കുറേക്കൂടി ആത്മാര്‍ത്ഥമായി
ചിരിച്ചുടെ" എന്നൊക്കെ ചോദിച്ചാല്‍
അതിനു പറ്റിയ സ്മൈലീസ് വേണ്ടേ സ്വീറ്റീ!!
സെര്‍ച്ച് ചെയ്തു നോക്കട്ടെ ട്ടോ...!!
********************************
കൃകു 30, Nov, 2012
ആകാശനിവാസ്
ആകാശനിവാസ്.. 24ാം നില
താഴോട്ട് നോക്കുമ്പോള്‍
കുട്ടികള്‍ പൊട്ടുകള്‍
പക്ഷികള്‍ കുഞ്ഞീച്ചകള്‍
കാറുകള്‍ കളിവണ്ടികള്‍
ആണുംപെണ്ണും ഒന്നുപോല്‍
വന്മരക്കാടുകള്‍ പുല്‍മേടുകള്‍
വഴുതനങ്ങ കടുകുമണി
തക്കാളി കുന്നിക്കുരു
പട്ടിണീം പരിവട്ടോം
കാഴ്ച വട്ടത്തെങ്ങുമില്ല.
അപരിചിതരായ ചില നിഴലുകള്‍
അവിടവിടെ ..അത് സാരല്ല്യാന്നേ!
ആകയാല്‍, തോഴരെ നമുക്ക്
മേലോട്ട് മേലോട്ട്
കയറിക്കൊണ്ടേയിരിക്കാം
ഭുമി വിട്ടു ആകാശം തേടാം...
അമ്മയുടെ ചിരി..
അടുക്കളപ്പാത്രങ്ങളിലെ നീക്കിബാക്കികള്‍
ഉപ്പിന്‍റെയും മുളകിന്‍റെയും മീന്‍മസാലയുടെയും
പിടി വിട്ട് അനാഥരായി
അമ്മയുടെ കൈകളില്‍
തിരിച്ചെത്തി...
രാവിലത്തെ പ്രാതല്‍പ്പയറ്റ് കഴിഞ്ഞു
മൂത്തമോന്‍ രാവുണ്ണി ബാക്കിവച്ച രണ്ടു കറിവേപ്പില,
ഉച്ചയൂണു കഴിഞ്ഞ്
കുട്ട്യോള്‍ടെ അച്ഛന്‍ കുട്ടിരാമന്‍
ഈമ്പി തകര്‍ത്തിട്ട മുരിങ്ങാച്ചണ്ടി,
മിനിക്കുട്ടി എന്നത്തേയും പോലെ
ചവച്ചു ബാക്കിവച്ച തക്കാളിത്തോല്‍,
ഒടുക്കത്തവന്‍, അപ്പൂട്ടന്‍ കാര്‍ന്നു കാര്‍ന്നു
തുപ്പി വച്ച അയല മുള്ള്
ഇവയൊക്കെ ചേര്‍ത്ത് വച്ച്
അമ്മ, ഞെണുങ്ങിയ
അലുമിനിയപാത്രത്തിന്‍റെ
അടിവശത്തായി
ഒരു ചിത്രം മെനഞ്ഞു...
എന്നിട്ട് കണ്ണാടിയിലെന്നപോലെ
അതിലേക്ക് നോക്കി
വെറുതെ ചിരിച്ചു.
************************
കൃകു
മെയ് 2011
ഇനിയും വൈകിയില്ലോട്ടും
ഒരു മരം നട്ടു പച്ചപ്പിന്‍
മഹാവനം തീര്‍ക്കുവാന്‍.
പൊയ്പ്പോയ കുളിരിനെ,
കാറ്റിനെ, കിളികളെ,
സ്നേഹാര്‍ദ്രമായ്, മന്ദ്രമായ്
തിരിയെ വിളിക്കുവാന്‍
ഇനിയും വൈകിയില്ലോട്ടും
പ്രിയരായ മക്കളേ...
അകലെയൊരു പൊള്ളുന്ന
വേനലുണ്ടുച്ചത്തിലലറുന്നു,
ചിന്നം വിളിക്കുന്നു,
പ്രിയയായ ഭൂവിന്‍റെ
കരളും കിനാവും കരിക്കാന്‍..
അവസാന വിളവിന്‍റെ
നെഞ്ചിലേയ്ക്കൊരുകൊടും
കാളിയസര്‍പ്പമായ്
മരുഭൂമിയുണ്ടാഞ്ഞിഴഞ്ഞിടുന്നൂ...
വറ്റിയ പുഴകളും,വരണ്ട പാടങ്ങളും
ഇററ് വെള്ളതിനായ് കേഴും കിടാങ്ങളും
അവസാനമായൊന്നു പോട്ടിക്കരയുവാ
നിറ്റ് കണ്നീരുപോലുമില്ലാത്തൊരമ്മയും
കേഴുകയാണിന്നു നമ്മോട് ദീനരായ്:
ഒരു മരം നട്ടു പച്ചപ്പിന്‍
മഹാവനം തീര്‍ക്കുവാന്‍
പൊയ്പ്പോയ കുളിരിനെ,
കാറ്റിനെ, കിളികളെ,
സ്നേഹാര്‍ദ്രമായ്, മന്ദ്രമായ്
തിരിയെ വിളിക്കുവാന്‍
ഇനിയും വൈകിയില്ലോട്ടും
പ്രിയരായ മക്കളേ....
**************************
കൃകു മെയ് 2011
“എന്തൊരുസ്പീഡ് !!”
പാതി തുറക്കുന്ന
പൂമുഖപ്പാളിയില്‍
ധൃതിയില്‍ മായുമൊരു
മുഖമാണയല്‍വാസി!
നഗരത്തിരക്കി-
ലൂടിരമ്പിപ്പായും
കാറിന്‍ പുറകിലായലസം
തെളിയുമൊരു
കൈവീശലാണാത്മ മിത്രം!
ഇടവിടാതിരമ്പിടും
പരസ്യക്കടല്‍ത്തിരയില്‍
ഇടയ്ക്ക് തെളിയുമൊരു
ചെറുമീനല്ലോ വാര്‍ത്ത!
ചട്ടവും ചട്ടക്കൂടു-
മോക്കവേ പൊളിച്ചമ്പോ
കമ്പോളമിരമ്പവേ
വഴിയോരത്തന്തംവിട്ടു
നിന്നുനാം രസിച്ചു
മൊഴിയുന്നൂ:
“ എന്തൊരു സ്പീഡ്!!”*
__________________________________________
*" കൊടിയേറ്റം" എന്ന അടൂര്‍ സിനിമയിലെ ഭരത് ഗോപിയുടെ ഡയലോഗ് ഓര്‍ക്കുക!!
കൃകു ജൂണ്‍ 2011
നോബേല്‍ സമ്മാനം 2011
ഇരുണ്ട വന്‍കരയുടെ തോളത്ത് നിലയ്കാതെ
ഒഴുകിപ്പടര്‍ന്ന രുധിരപ്പുഴകള്‍ക്ക് മേലെ
വെള്ളപ്പിറാക്കളെപ്പോലെ പറന്നിറങ്ങിയ
രണ്ടു മിഴിനീര്‍ മണികള്‍...
മദ്ധ്യധരണൃാഴിയുടെ തീരത്ത്
തളം കെട്ടി നിന്ന നിശ്ചലതയിലേക്ക്
ആളിപ്പടര്‍ന്ന മുല്ലപ്പൂമണമുള്ള
ഒരു ചെന്തീക്കാറ്റ്...
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം
ഇത്തവണ, അശാന്തിയുടെ
ഇരുണ്ട വാനങ്ങളില്‍ ചിറകടിച്ചുയര്‍ന്ന
ഈ കടല്‍ പ്രാവുകള്‍ക്ക്..
സൂക്ഷ്മ കണങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍
തെടിയതൊന്നും കാണാതെ
പരംപൊരുളുകളുടെ ഭാണ്‍ഡക്കെട്ടുകളില്‍
കല്ലെറിഞ്ഞ്, അറിവല്ല, അറിവില്ലായ്മയാണ് സത്യം
എന്ന് വിനയാന്വിതനായവന്
രസതന്ത്രത്തിന്‍റെ ആദരം.
ചിരസ്ഥായിത്വം തേടി
വിദൂര താരങ്ങളില്‍ അലഞ്ഞവര്‍ക്ക്
കറുത്തിരുന്ണ്ട ഊര്‍ജത്തിന്‍റെ
അനന്താനന്താജ്ഞാത സ്ഥലികളിലേക്ക്
അകന്നകന്നു പോകുന്ന
പ്രപഞ്ചത്തെക്കുറിച്ചുള്ള അജ്ഞാനത്തിനു
ഭൌതികത്തിന്‍റെ
നമോവാകം...
കറുത്ത് ചുവന്ന പുത്തന്‍ കാലത്തിന്‍റെ
അസ്വാസ്ഥൃക്കടലോരത്തു നിന്നുകൊണ്ട്
വാക്കുകള്‍ കുറുക്കി പാരദര്‍ശിക്കല്ലുകളാക്കി
“ഇല്ല കീഴങ്ങുകയില്ല, വേണമിനി ശാന്തി”*
എന്ന് പാട്ടാഞ്ഞെറിയുന്നവന്
കവിതയുടെ ഭക്ത്യാദരം...
ആകെയൊരിളക്കമോ? അഹങ്കാരം
വിറകൊള്ളുന്നുവോ
.കാലഗര്‍ഭത്തിലെന്തോ
പുതുതായ് പിറക്കാനോരുങ്ങുന്നുവോ സഖേ?!
___________________________________________________________________
*Tomtrantomer രചിച്ച Allegro എന്ന
കവിതയിലെ ഒരു വരിയുടെ ഏകദേശ വിവര്‍ത്തനമാണ്ഈ വരി
പുഴമഴപ്പാട്ട്
(ഇത് കുട്ട്യോള്ക്കാട്ടോ!)
***************************
മഴ മുറ്റത്തൊരു പുഴ തീര്‍ത്തു
കരിയില പണിതു ചെറുതോണി..
കുഞ്ഞനുറുമ്പോ സഞ്ചാരി
കുഞ്ഞിക്കാറ്റോ തുഴയായി..
‘എങ്ങോട്ടാഡോ സഞ്ചാരം?’
കുഞ്ഞിക്കിളിയുടെ കിന്നാരം..
‘പാരാവാരം കാണാനാ..
കൂടെപ്പോന്നോ മൊഞ്ജത്തി..
‘പതിയെപ്പാറി വരുന്നു ഞാന്‍
നീയൊററക്കു തുഴഞ്ഞേ പോ..
‘ഒറ്റയ്ക്കങ്ങനെയോഴുകുമ്പോള്‍
“മഴ-പുഴ”യെന്നു ജപിച്ചോളൂ..’
പെട്ടെന്നരയാല്‍ തളിരിലകള്‍
മഴ, പുഴയെന്നു വിറയ്ക്കുകയായ്
പോട്ടക്കിണറില്‍ പോക്കാച്ചി
പുഴ, മഴ പാടിപ്പാട്ടാക്കി...
മോന്തായത്തില്‍ മഴത്തുള്ളി
മഴ പുഴ തായമ്പകയാക്കി...
തുമ്പപ്പൂവും പൂമ്പാറ്റേം
പുഴ, മഴ നര്‍ത്തനമാടുകയായ്
മഴ,പുഴ, പുഴ, മഴ , മഴ പുഴ
മാമഴ, പൂമഴ, പൂന്തേന്‍ മഴ...
നാടും നഗരവുമോന്നിച്ചിങ്ങനെ
പുഴ മഴയുത്സവമാടുമ്പോള്‍
നമുക്കുമോപ്പം പാടിക്കേറാം
മഴയോ മഴ, പുഴയോ പുഴ,
മഴ, പുഴ, പുഴ, മഴ, മഴ മഴ
മഴ, മഴ, മഴ, പുഴ, പുഴ, പുഴ....
അമ്മദിനം
ആദ്യം അമ്മയും ഞാനും ഒന്ന്
പിന്നെപ്പിന്നെ ഓരോ നിമിഷവും അമ്മ
ഉണ്ണാന്‍, ഉറക്കാന്‍, ഊട്ടാന്‍...
പിന്നീട് ആഴ്ച്ചയില്‍ ഒരമ്മ!!
ഞായര്‍. ഹോട്ടല്‍ വിട്ട് കേമായി
ഒരു ശാപ്പാട് അമ്മക്കൈ കൊണ്ട്
കാലം പോയപ്പോ
അവധിക്കാലത്ത് ഒരമ്മ
കിന്നാരം പറയാനും
പിന്നെ പിന്നെ കല്യാണം മൂളാനും !
പിന്നെ എപ്പോഴോ
മറുനാട്ടിലായപ്പോ
അന്തിയില്‍
ടെലഫോണിന്‍റെ മറ്റേ തുമ്പത്ത്...
അകലെ അകലേ ഒരമ്മ
"വിശേഷോന്നുല്യ അമ്മേ
വച്ചോളൂ!"
ഒടുവില്‍ ഇപ്പോള്‍
കൊല്ലത്തില്‍ ഒരുനാള്‍
പെട്ടെന്ന് ഞെട്ടല്‍ പോലെ
ഒരമ്മ
അമ്മദിനത്തിനു....
ശുദ്ധീകരണം
മനസ്സിന്‍റെ മുറ്റം നിറയേ
പെയ്യാത്ത മഴക്കാറുകള്‍
പാതി ചത്ത പ്രതീക്ഷകള്‍
വിറ്റ്പോകാത്ത വാഗ്ദാനങ്ങള്‍
കെട്ടുപോയ പ്രേമക്കരിന്തിരികള്‍
ഉറുമ്പരിക്കുന്ന സ്വപ്നച്ചിറകുകള്‍
വക്ക്പൊട്ടിയ സൗഹൃദങ്ങള്‍
ആക്രാന്തികളുടെ പ്ലാസ്ടിക്കുറകള്‍
പാറിത്തളര്‍ന്ന പഴം കൊടികള്‍
യൗവനത്തിന്‍റെ മീന്മുുള്ളുകള്‍
ചവച്ചരച്ചിട്ട ആവേശപ്പാക്കുതുണ്ടുകള്‍
തുരുമ്പിച്ച ഓര്‍മ്മത്താക്കോലുകള്‍....
"എന്റെ് വനജാക്ഷ്യെ, ഇതൊക്കെ
ഒന്നടിച്ചു വാരിക്കളഞ്ഞുടെ?
മാലിന്യക്കാര് വരവ് നിര്ത്യേതു
നെനക്കും അറിവുള്ളതല്ല്യോ?"
“ ഓ..പിന്നേ..ഞാന്‍ കൊറേ അടിച്ചുവാരും..
അവരൊരു ഉണ്ടാ ക്ക്യതോക്കേയ്
അവരൊരു അനുഭവിച്ചാ മതി..
അവടെ കെടന്ന് നാറട്ടെ"
നിശബ്ദത
നിശബ്ദത ഒരു ഭാഷയാണ്..അല്ല,
ഭാഷകളുടെ ഭാഷയാണ്.
വെടി കൊണ്ടു വീണവര്‍,
വെട്ടേറ്റു ചിതറിയോര്‍
ജീവിക്കുന്നവരോട്
സംസാരിക്കുന്ന ഭാഷ...
മുറിച്ചു വീഴ്ത്തിയ മരങ്ങളും
അമ്പുകൊണ്ട കിളികളും
വറ്റിപ്പോയ അരുവികളും
കാലത്തോട്
അലമുറയിടുന്ന ഭാഷ..
വിദ്വേഷത്തിന്‍റെ രക്തസാക്ഷികള്‍
ദൈവത്തോടു പ്രാര്‍ഥി ക്കുന്ന ഭാഷ
വെറുപ്പിന്‍റെ നീതി ശാസ്ത്രങ്ങളെ
എത്ര വെള്ളയടിച്ചാലും
അവയുടെ നിറം ഇരുട്ടിന്‍റെതെന്ന്
മലമുകളില്‍ നിന്ന്, വരുംകാലം
വര്‍ത്തമാനത്തെ നോക്കി
ഉത്ഘോഷിക്കുന്ന ഭാഷ...
നിശബ്ദത ഒരു ഭാഷയാണ്..അല്ല..
ഭാഷകളുടെ ഭാഷയാണ്..
വനിതാദിനം..ശുഭം
വനിതാദിനം.. പുലര്‍ച്ചെ..
കൃഷ്ണസാവ് വീട്ടിന്‍റെ ചുമരില്‍
പോസ്റ്റര്‍ ഒട്ടിച്ചു വച്ച ശേഷം ഭാര്യോട് പറഞ്ഞു :
“ ഇയ്യിന്നു ചായണ്ടാക്കണ്ട, ഒന്നുംണ്ടാക്കണ്ട.
മ്മക്ക് പീടികേന്നു പുട്ടും കടലേം വാങ്ങാ ട്ടാ..”
ഭാര്യ രാധമ്മ ഒന്ന് മന്ദഹസിച്ചു. ന്നട്ട് ഇപ്രകാരം :
“ഓ! ഇത് മ്മടെ വനിതാദിന പ്രമേയം..ല്ലേ?
ഇങ്ങക്ക് വേറെ പണിയോന്നുല്ല്യ ആര്യപുത്രാ?
അനങ്ങാണ്ടിരുന്നാ ഇനിക്ക് പിത്തം വരുല്ലേ?.”
(അത് വിത്തിന്‍ കൊട്ടേഷനാട്ടാ ..!)
“ബേണ്ട. അത് ശെരിയാവില്ലട്ടാ..”
സാവ് ആദര്‍ശത്തില്‍ ഉറച്ചു നിന്നു.
ആ നില്‍പ്പ് പെലരും വരേ നീണ്ടു
കാശു ലേശം ചെലവായെങ്കിലും
അന്ന് തുല്യത ജയിച്ചു ട്ടാ...
സംഗതി തരക്കേടില്ലല്ലോന്നു കഥാനായികക്കും
പ്രത്യകിച്ച് അവരുടെ എല്ലുകള്‍ക്കും
തോന്നീ- തോന്നീല്ലാ എന്നായപ്പോളെക്കും
നേരാ പുലര്‍ന്നു .. കൃഷ്ണസാവ്
കിടക്കപ്പായില്‍ ഒന്ന് മലക്കം മറിഞ്ഞിട്ടു
പാതിമയക്കത്തില്‍
അലാറം പോലെ അലറി..
“ട്യേ.. ചാാായ”....”ട്യേ.. ചാാായ”.
രാധമ്മ ഒന്ന് ഞെട്ടാന്‍ നോക്കി..
അതിനെവടെ നേരം!!
പിന്നെ മാനത്ത് മാഞ്ഞു തുടങ്ങിയ അമ്പിളിയെപ്പോല്‍
ഒരു മഞ്ഞച്ചിരി ചിരിച്ച്
അടുക്കളേല്‍ക്ക് മന്ദമന്ദം തുഴഞ്ഞു നീങ്ങി.
പശ്ചാത്തലത്തില്‍
“ട്യേ ചാാായ” എന്ന ഇടി മുഴക്കം...
പിന്നെ എല്ലാം പതിവുപോലെ..
വനിതാദിനം .ശുഭം..!
************************
കൃകു
09-03-2015
ചോദ്യങ്ങള്‍ പലവിധം
ചില ചോദ്യങ്ങള്‍ പറന്നാണ് വരിക
പക്ഷികളുടെ രൂപത്തില്‍.
പാമ്പുകളെപ്പോലെ ഇഴഞ്ഞിഴഞ്ഞ്
വന്നെത്തുന്ന ചോദ്യങ്ങളുമുണ്ട്.
പെരുമഴയ്ക്കു ശേഷം
ഇയ്യാം പാറ്റകളെപ്പോലെ
പറന്നുയര്ന്നെ ത്തുന്ന ചോദ്യക്കൂട്ടങ്ങളെ
പേടിക്കാനില്ല..
അവ പെട്ടെന്നു തന്നെ ചിറകുപൊഴിഞ്ഞു
നിരാധാരങ്ങളായിതീരും.
കൂട്ടത്തില്‍ നിസ്സാരങ്ങളായി തോന്നുന്ന
കൊതുകുരൂപത്തിലുള്ള ചോദ്യങ്ങള്‍
അപകടകാരികളാണ്..
അവ കാഴ്ചയ്ക്കും കേള്‍വിക്കും
ബുദ്ധിക്കും ഇടയിലൂടെ, ഒരു പിടിയും തരാതെ,
ഏതോ പരിഹാസപ്പാട്ടും മൂളി വന്നെത്തും
എന്നിട്ട് നൊമ്മടെ അഹങ്കാരത്തിന്‍റെ യും
ഔദ്ധത്യത്തിന്‍റെയും
തൊലി തുളച്ച്, ആഞ്ഞാഞ്ഞു കുത്തിക്കൊണ്ടിരിക്കും..
അവയെ സൂക്ഷിക്കണം...!
******************************
കൃകു 22-02-2014
വാഗ്മാലിന്യം
ഇയ്യിടെയായി മാലിന്യക്കൂമ്പാരങ്ങള്‍ക്കി ടയില്‍
ഒരുപാട് വാക്കുകള്‍ കാണപ്പെടുന്നുണ്ടത്രേ..!
ചിറകൊടിഞ്ഞ വാക്കുകള്‍, പാതിവെന്ത വാക്കുകള്‍,
ചതഞ്ഞ വാക്കുകള്‍, ചത്ത വാക്കുകള്‍
നന്മ നിറഞ്ഞ വാക്കുകള്‍, നട്ടെല്ലൊടിഞ്ഞ വാക്കുകള്‍..
കറുത്ത പ്ലാസ്റ്റിക് കവറില്‍ വലിച്ചെറിയുന്ന
ചീഞ്ഞ വാക്കുകളാണ് അസഹ്യം..
ചീമുട്ടയെ വെല്ലുന്ന ദുര്‍ഗന്ധമാണവയ്ക്ക്..
പറയേണ്ടിടത്ത് പറയാതെ പോയ വാക്കുകളാണ്
കൂട്ടത്തിലേറെയും എന്ന് ഗവേഷകര്‍..
പേടിച്ചരണ്ട് ചുളുങ്ങിപ്പോടിഞ്ഞുപോയ
വാഗ്വിലാസങ്ങള്‍ പലതുണ്ട് എന്ന് സ്വ ലേ..
അരുമക്കണ്ണ്‍ മിഴിച്ച്, ഉണ്ണിവാ പൊളിച്ച്
തലപോട്ടിക്കിടന്ന ഒരു കുഞ്ഞുവാക്ക്
ഒരുപാട് പാന്ഥനയനം നനച്ചു പോല്‍..
‘ഞാനെ’ന്നോരൂക്കും ‘റാന്‍’ എന്ന വാക്കും
പെരിനോരെണ്ണം പോലും
ഇയ്യിടെ പാഴാകുന്നില്ല എന്നത്
ശ്രദ്ധേയമെന്നു ചരിത്രകാരന്‍
******************
കൃകു 7, മെയ് 2012
ശ്ശൊ…ഈ..കടല് !
കുറേനാള്‍ മുമ്പ് കാണുമ്പ
കടല് ഒരു വലിയമ്മച്ചിയെപ്പോലെ
കൈവിരലുകള്‍ ക്കിടയില്‍
ജപമാല കൊരുത്ത് ജപിക്കുകയായിരുന്നു.
അത് കഴിഞ്ഞ് ഒരു മഴക്കാല സന്ധ്യക്ക്
കാണുമ്പോ മുഴു വട്ടായിരിക്കുന്നു
എന്തൊരു അലമുറ ബഹളം..ശ്ശോ..
മൂന്നു നാലു ദിവസം മുമ്പ് ,
നേര്‍ത്ത നിലാവത്തു അത് വഴി
ചെന്നപ്പോളെ, കാമുകിയെപ്പോലെ
കൈകോര്‍ത്തു ആരികുചേര്ന്നൊരു നില്‍പ്പ് ..
ശരിക്കും നാണിച്ചു പോയി കേട്ടാ...
ഇനി ചെല്ലുമ്പം ചെല്ലപ്പൈതലായി
ഒക്കത്ത് കയറി ഇരിക്കും, ഒറപ്പാ..
ശ്ശോ..ഈ.. കടല്..
എനിക്ക് വയ്യ..!!
**********************
കൃകു
14, സെപ്റ്റംബര്‍, 2014
ഉത്തരത്തിനു കാത്തുനില്‍ക്കാനാവാത്ത ചോദ്യങ്ങള്‍
രാജാക്കമ്മാര് ഉടുതുണിയില്ലാതെ ഇങ്ങനെ
രാപ്പകല്‍ ചെണ്ടേംകൊട്ടി ഊരുചുറ്റീട്ടും
രാജാവ് നഗ്നനാണ് എന്ന് ആരോരും
വിളിച്ചുപറയാത്തതെന്തണ്?
മ്മടെ പണ്ടത്തെ കഥയിലെ
ആ കുട്ടി ഇപ്പൊ എവട്യണ്?!
ഒത്തിരിപ്പേര്, അന്തിയാവോളം, പല കാലം,
പല കാതം, ചവിട്ടി ചുമന്ന ചെമ്മണ്‍ കലം
ഇങ്ങനെ വീണ്ടും വീണ്ടും ഉമ്മറത്തിട്ടു ഉടച്ചിട്ടും
ആര്‍ക്കുമാര്‍ക്കും ഈറ വരാത്തതെന്തേനു?
പറഞ്ഞ (നുണ) തന്നെ വീണ്ടും വീണ്ടും..ണ്ടും.ണ്ടും..
തിരുവായ്മൊഴിഞ്ഞ്
പടം പിടിച്ചോണ്ടിരിക്കുമ്പൊ
ആരും കൂവാത്തതെന്താ? കോട്ടുവായിടാത്തതെന്താ?
വലിയോരായോരൊക്കെ അവനവനോടും
അനുചരന്മാരോടും മാത്രം സംസാരിക്കുകയും
മ്മളെ കാണുമ്പോ, മുഖത്തെ മന്ദഹാസം പോലും
നിരോധിക്കുകയും ചെയ്യുന്നതെന്താ?
പച്ചനുണ ചവച്ചു ചവച്ചു സത്യമാക്കുന്ന
കച്ചവടക്കാരെ അരചന്മാരും അമാര്‍ത്യരും
കൊണ്ടാടി നടക്കുമ്പോ ആരും കാണാതെങ്കിലും
ആട്ടാത്തതെന്താ..തുപ്പാത്തതെന്താ..?
നമ്മടെസ്വപ്നങ്ങളുടെ ശവഘോഷയാത്രകള്‍
അവര് ഉത്സവങ്ങളാക്കുമ്പോള്‍,
ഇങ്ങനെവെറുങ്ങലിച്ച് വെളുത്തു നില്‍ക്കാതെ
നെഞ്ഞത്തടിച്ച് തേങ്ങിക്കരയാത്തതെന്താ തള്ളേ!
വേണ്ടാ ട്ടാ...ഉത്തരം വേണ്ടാ..പക്ഷേ നോക്കിന്‍...
ഉത്തരം വേണ്ടാത്ത ചോദ്യങ്ങള് ഇങ്ങനെ
പെരുകി പെരുകി പെരുമഴയാവണുണ്ട്...
നേരം വൈക്ണണ്ട്... ഇരുട്ട് പരക്കുന്നുണ്ട്....
**************************************************
കൃകു
28, ജനുവരി, 2015
“മാന”ത്തിന്‍റെ പല മാനങ്ങള്‍
തീരുമാനം, സ്വാഭിമാനം, ചെമ്മാനം,
വര്‍ത്തമാനം, വരുമാനം, അവമാനം,
എന്നിപ്രകാരം മാനങ്ങള്‍ പലതരമാണല്ലോ..
ഓരോ തരം തീരുമാനത്തിനും പലതരം മാനങ്ങളാകാം
എന്നിങ്ങനെ പണ്ടേക്കു പണ്ടേ കേട്ടു പോരുന്നുണ്ട്
എന്നിരിക്കിലും
ഇയ്യിടെയായി ഓരോരോ തീരുമാനത്തിലും
വര്‍ത്തമാനത്തിലും എത്രയെത്ര മാനമെന്ന്
എണ്ണിയെണ്ണി നമ്മടെ ഒറിജിനല്‍ മാനം---
ന്നുവച്ചാല്‍, വാനം, ഗഗനം, നഭസ്സ്, വിഹായുസ്സ്--
അന്തം വിട്ടു നില്‍ക്കുന്നത് കണ്ടവരുണ്ട്..എന്നും
സര്‍വ മാനങ്ങള്‍ക്കും മീതെയുള്ള മാനത്തിനു
ഇയ്യിടെ വരുമാനം എന്ന് തന്നെയാണ് പേരെന്നും
പറഞ്ഞു കേക്കുനുണ്ട് ട്ടാ...
ഒന്നു നിന്നു തിരിയുമ്പോഴേക്കും
സ്വാഭിമാനം അവമാനമാവുന്നതും
മാനഭംഗം അലങ്കാരമാവുന്നതും
കണ്ടുകണ്ടങ്ങിരിക്കുന്ന നമ്മളോടു
നമ്മള്‍ എന്തരു പറവാന്‍?
ഉമ്മ സമരത്തില്‍ നാം കണ്ട സര്‍വ മാനാവമാനങ്ങളെയും
ഉള്‍ക്കൊള്ളാന്‍
ഉമ്മാനങ്ങള്‍ എന്നൊരു പദം തന്നെ വേണ്ടി വരും..
ഈ ഒരു ലൈന്‍ സമ്മതമെങ്കില്‍
മദ്യമാനങ്ങള്‍, കോഴമാനങ്ങള്‍
എന്നീവിധം നിരവധി മാനങ്ങള്‍ മലയാണ്മക്ക് നല്‍കുവാനാവും
എന്നൊരു മാനവും ഇതിനുണ്ടേ....
******************************
കൃകു 25/നവംബര്‍/2014
കഥാശേഷമെവ്വിധം സഖീ?
ഏതോ ഒരജ്ഞാത
സഞ്ചാര വീഥിയില്‍
എന്നോ ഒരു കണ്ണായുടക്കി,
ഉള്ളിലെ പുളകപ്പാടത്തൊരു
കിളിയായ് പറന്നത്,
ചങ്കിലൊരു
പൂവായ് വിടര്‍ന്നത്,
പകല്‍ക്കിനാക്കിറുക്കില്‍
മധുസ്മിതമായ് പടര്‍ന്നത്,
നിദ്രാവിഹീനമാം സിരകളില്‍
തിരകളായാഞ്ഞാഞ്ഞാലച്ചത്,
വിരസ ഗ്രീഷ്മങ്ങളില്‍
മഞ്ഞായുതിര്‍ന്നത്,
മൂക സായന്തനങ്ങളില്‍
മൂളിപ്പാട്ടായത്,
ഘനശ്യാമയാമങ്ങളില്‍
തീക്കൊടുംകാറ്റായത്,
ഒടുവില്‍
ഒരേകാന്തരാവിന്‍റെയറുതിയില്‍
അകലുന്ന രാക്കിളിപ്പാട്ടായത്,
ശുന്യാംബരത്തിലൊരു
മുകിലായി മാഞ്ഞത്,
പിന്നെ
കരളിലൊരു മുള്ളായത്
കണ്ണിലൊരു മുത്തായത്
കരയുന്ന കവിതയാവുന്നത്.....
വെറുതേ ഞാനോര്‍ത്തു പോകുന്നു...
വീണ്ടുമേകാകിയായ്
പുതുപഥങ്ങളില്‍
യാത്ര തുടരവേ...
ഒന്നു ചോദിച്ചോട്ടെ....
സഖീ, ഇനിയൊ?
ഇനിയെന്തു പരിപാടി?!!
കഥാശേഷമെവ്വിധം?
********************************
കൃകു 11, May, 2011
ദിന ദീനം ! !
അപ്പനൊരു ദിനം അമ്മക്കൊരു ദിനം
അപ്പൂപ്പനുംമുത്തിയമ്മക്കുമോരോ ദിനം
കാമിനിക്കും കാമുകനുമോരോ ദിനം
ഇരുമ്പിനൊരുദിനം തുരുമ്പിനൊരു ദിനം
ചക്കക്കും ചക്കക്കുരുവിനുമോരോദിനം
ചക്കിനൊരു ദിനം കൊക്കിനൊരു ദിനം
മാവിനും മാങ്ങയണ്ടിക്കും ദിനം
കത്തിക്കൊരു ദിനം കോടാലിക്കൊരു ദിനം
അഴുക്കിനോരു ദിനം മെഴുക്കിനും ദിനം
പുഴുക്കിനും പ്രാന്തിനുമോരോ ദിനം
തെക്കിനൊരു ദിനം കിഴക്കിനൊരു ദിനം
പല്ലിനൊരു ദിനം, എല്ലിനൊരു ദിനം
നെഞ്ഞുവേദനിക്കുവാന്‍ മാത്രമായൊരു ദിനം.
കടലിനും കടലാടിക്കുംവെവ്വേറെ ദിനം
ചക്കിക്കൊരു ദിനം ചങ്കരനോരു ദിനം
ചതവിനും ചമ്മലിനും ചമ്മന്തിക്കും ദിനം.
ദിനങ്ങളീവിധം ദീനമായി പടരുകില്‍
നമുക്കൊന്നു തുമ്മാന്‍ ദിനം കിടക്കുമോ?
ദിനങ്ങളോരോന്നുമീവിധം വിറ്റിടുന്ന
വികൃത കമ്പോള സാമര്‍ഥൃമേ സ്തുതി!
ഒടുവില്‍ ദിനങ്ങളില്ലാതൊരു ദിനം വരു-
മേതായാലും ചാകുവാനൊരു ദിനം
കരുതാന്‍ മറക്കല്ലേ!
**************
കൃകു 23/06/2011
ഒന്നു കരയിക്കാന്‍
നിന്മിഴികളില്‍ നിശ്ചലം
നൊമ്പരക്കരിംകടല്‍
മുഖത്തോ ശൂന്യമാം
മരുഭൂവിന്‍മഹാമൌനം
ഇമയനങ്ങാതെ, കൃഷ്ണശിലയില്‍
കാലം തീര്‍ത്ത
അലറും കൊടുംകാറ്റിന്‍
ശില്‍പ്പം പോലെ നീ..
കലങ്ങിത്തിമര്‍ത്തൊ ഴുകും
കാബൂള്‍ നദിക്കരയില്‍....
എന്‍റെ ഗവേഷണച്ചോദ്യങ്ങള്‍,
ഉത്തരം കിട്ടാതെ,
നിന്മിഴിനീരുറഞ്ഞ
ഹിമ മഹാ ശിഖരങ്ങളില്‍
അഞ്ഞാഞ്ഞിടിച്ച്,
ചിറകൊടിഞ്ഞ പക്ഷികളെപ്പോല്‍
ചിന്നിച്ചിതറി
പിടഞ്ഞുവീണു കൊണ്ടിരിക്കെ,
നീളന്‍ താടിയില്‍
നിറയെ സ്നേഹം കുരുക്കിയിട്ട
കാബൂളിവാലയെപ്പോലുള്ള
ഡോക്ടര്‍ മുഹമ്മദ് ഖാന്‍
പരിഭ്രാന്തിയില്‍
പ്രതീക്ഷ കലര്‍ത്തിക്കൊണ്ടു
പറയുകയാണ്:
“സുഹൃത്തേ, ഇനിയും
ചോദിച്ചുകൊണ്ടേയിരിക്കു..
കല്ലുപൊലെയും മുള്ളുപോലെയും
പൂവുപോലെയുമുള്ള ചോദ്യങ്ങള്‍
തീക്കനല്‍ പോലെയും
മഞ്ഞുതുള്ളിപോലെയും ചോദ്യങ്ങള്‍
അവള്‍ക്കു നേരെ
പതിയെ പതിയെ എറിഞ്ഞുകൊള്ളൂ...
അതില്‍ ഒരു ചോദ്യം,
ഒരേ ഒരെണ്ണമെങ്കിലും
ആ മൌനത്തിന്‍റെ
കന്മതില്‍ തറച്ചുകയറി
അതിലൊരു വിള്ളല്‍ ചമച്ചെങ്കില്‍...
അവള്‍ പൊട്ടിപ്പൊട്ടി കരഞ്ഞെങ്കില്‍...
ആ കണ്ണൂനീര്‍ച്ചാ ലിലൂടെ, അവളുടെ
പ്രാണന്‍ വീണ്ടും കരയ്ക്കടുക്കും..
കരയിക്കു..,അവളെ പോട്ടിക്കരയിക്കു....”
അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ്
കണ്ണുകള്‍ നിറഞ്ഞൊഴുകി..
**************************
കൃകു ഏപ്രില്‍ 2012
കാഞ്ചനക്കൂട്
അന്ന് തടവറയില്‍
ഭയം കറുത്ത മഞ്ഞു പോലെ
കനത്തു നിറയുമ്പോളും
അടഞ്ഞ കിളിവാതിലിന്‍റെ
തുരുമ്പിച്ച അഴികള്‍ക്കിടയിലൂടെ
പ്രതീക്ഷയുടെ കുഞ്ഞുറുമ്പുകള്‍
ഘോഷയാത്ര ചമച്ചിരുന്നത്
എനിക്കൊര്‍മയുണ്ട്..
എല്ലാം ഞെരിച്ചമര്‍ത്തുന്ന
കനത്തപദഗര്‍വഘോഷങ്ങള്‍
അടുത്തടുത്ത് വരുമ്പോളും
അകത്തൊരു കിളി
ആകാശം തേടി
ചിറകടിക്കുന്നത്
ഞാനറിഞ്ഞിട്ടുണ്ട്..
ഇരുട്ട് കൊടും മാരിയായി
ചുറ്റും പെയ്തിറങ്ങുമ്പോളും
അകലെ നിന്ന്
ഒരു മിന്നാമിന്നി
തീപ്പന്തം പേറി
പറന്നടുക്കുന്നത്
ഞാന്‍ കണ്ടിരുന്നു...
പക്ഷെ ഇന്ന്
വെളിച്ചവും കാറ്റും
കവിഞ്ഞു തുളുമ്പുന്ന
ഈ ധാരാളപ്പരപ്പുകളില്‍
ഉറുമ്പുകള്‍ തേനുണ്ട്
സുഖ നിദ്രയിലാണ്..
ആകാശക്കിളികള്‍
വിതക്കാതെ, കൊയ്യാതെ
ഇല്ലാ മരങ്ങളില്‍ ചടഞ്ഞിരിപ്പാണ്...
മിന്നാമിന്നികള്‍
പകല്‍ വെളിച്ചത്തില്‍
ടോര്‍ച്ചടിച്ചു കളിക്കുന്നു..
അകത്തു കേള്‍പ്പതു
അലസപദ വൃഥാ വിന്യാസം..
പ്രതീക്ഷകള്‍ക്ക്
പൊണ്ണത്തടി...
തടവ് പൊയ്പ്പോയി
വന്നത്.. പൊന്‍തടവോ!!
ഓര്‍മ്മയില്ലേ...?
കാഞ്ചനക്കുട്....?
************
കൃകു 13/1/2012
കേള്‍വി
നോക്കൂ, ഗുരോ, നേതാവേ, സുഹൃത്തേ, സഖാവെ,
കേള്‍വിയുടെ അകാല ചരമത്തേക്കുറിച്ച്
ഇനിയും പറയാതെ വയ്യെന്നായിരിക്കുന്നു...
പറഞ്ഞിട്ട്, ഫലിതമല്ലാതെ ഫലമുണ്ടാകാനില്ല എന്നും
കേള്‍വി ഒരു വെറും സ്മൃതിയായിരിക്കുന്നു എന്നും
അറിഞ്ഞിട്ടും എന്തിനീ പറച്ചില്‍
എന്ന അത്ഭുതം ചുമ്മാ അവശേഷിക്കട്ടേന്ന്..
നേതാക്കളും വാര്‍ത്താവായനക്കാരുമൊക്കെ
കാതടച്ച്, കണ്ണടച്ച്, കൈയുയര്‍ത്തി
വാതോരാതെ ഉറഞ്ഞു മൊഴിഞ്ഞു തുടങ്ങിയ
കാലം മുതലേ
ടിയാന്‍ അന്നം കിട്ടാതെ
അനാഥനായി അലഞ്ഞു തിരിഞ്ഞിരുന്ന കാര്യം
പലരും ഓര്‍മിക്കുന്നു...
അതിനു ശേഷം എന്ത് സംഭവിച്ചു
എന്നത് അശേഷം വ്യക്തമല്ല..
ഏന്തിനേറെ പറയുന്നു,
ഇന്നലെ അന്തിയോടെ
അത് സംഭവിച്ചു..
ഒറ്റക്കിരുന്നു അലറിക്കൊണ്ടിരുന്ന
ഒരു അനാഥ ടിവിക്കു മുമ്പിലായിരുന്നു
പരേതന്റെ് മൃതശരീരം കാണപ്പെട്ടത്.
കഴുത്തില്‍ ഒരു നീലക്കൈപ്പത്തി
കണ്ടു കണ്ടില്ല എന്ന് ദൃക്സാക്ഷി....
ഏതായാലും ഇനി ഏറെ വൈകും മുമ്പ്
അനാഥനായ പരേതനെ സംസ്കരിക്കുകയും
( ആചാര വെടികള്‍ മറക്കല്ലേ..!)
അവന്‍റെ സ്മരണക്കായി
തെരുവോരത്ത്
വലിയൊരു ആനച്ചെവി
സ്ഥാപിക്കുകയും ചെയ്യുന്നത്
ഉചിതമായിരിക്കുമെന്നു
സമക്ഷത്തിങ്കല്‍.....
***********
12/09/2011 കൃകു
ചില ദുഃഖ ചിന്തകള്‍
1
ഇളം കറുപ്പുനിറമുള്ള
മഴക്കാറുകളില്‍ സഞ്ചരിച്ചാണ്
ദുഃഖങ്ങള്‍ എന്‍റെ അരികിലെത്താറ്..
കറുത്ത കാറുകള്‍ ജനാലക്കപ്പുറം
പതുങ്ങി നില്‍ക്കു മ്പോള്‍
മനസ്സ് പറയും:
“ദുഖങ്ങളുടെ വരവായി”
2
മേഘങ്ങളുടെ അശ്രദ്ധ മൂലം, ചിലപ്പോള്‍,
എനിക്കുള്ള ദുഃഖങ്ങള്‍
വഴിയിലോ, മാര്‍ക്കറ്റിലോ
അല്ലെങ്കില്‍ വഴിയോരത്തോ
ഒക്കെ ചിതറി വീഴും..
അങ്ങനെ വഴിയോര ദുഃഖങ്ങള്‍,
മാര്‍ക്കറ്റ് വ്യഥകള്‍,
അങ്ങനെ പലതരം ദുഃഖങ്ങള്‍ ഉണ്ടാകും.
3
ദുഃഖങ്ങള്‍ ഉരുക്കിയും വേവിച്ചും
പലതരം സന്തോഷങ്ങള്‍ ഉണ്ടാക്കാമത്രേ..
ആരോ പറഞ്ഞു കേട്ടതാ..
പരീക്ഷിച്ചു നോക്കിയില്ല
നൂറു തിരക്കല്ലേ..പിന്നെ കൂട്ടുകളും പിടിയില്ല!
ഉപ്പോ മുളകോ മഴവില്ലോ മയില്‍പ്പീലിയോ.
എന്തരോ എന്തോ?
4
തിരക്കുള്ള നേതാക്കള്‍, യാത്രികര്‍
എന്നിവര്‍ക്കായി ദുഃഖങ്ങള്‍
പെട്ടെന്നുകിട്ടാനും ഏര്‍പ്പാ ടുണ്ടത്രേ..
ക്ഷിപ്ര ദുഃഖങ്ങള്‍, ഫാസ്റ്റ് ഫുഡ് പോലെ..
ദുഃഖ നിര്മാണം വ്യവസായികാടിസ്ഥാനത്തില്‍
വിജയിപ്പിക്കാമെന്ന് ചിലര്‍..
ദുഖമെന്തെന്നറിയാത്ത ജനവിഭാഗത്തെ
ദുഃഖ മേഖലയിലേക്ക്
ആകര്‍ഷിക്കല്‍.. പദ്ധതിച്ചുരുക്കം...
5
മഹാദുഖങ്ങള്‍, ധര്‍മ്മ സങ്കടങ്ങള്‍
എന്നിവയ്ക്ക് മാര്ക്കറ്റ് കുറവാണെന്നും
അവയ്ക്കുള്ള കഷായക്കൂട്ട്
ഏതാനും പാരമ്പര്യ വൈദ്യന്മാര്ക്കേ
വശമുള്ളു എന്നും കേള്‍വി.
6
“വരൂ നമുക്കും ദുഖിക്കാം”
“വൈകീട്ടോന്നു ദുഖിക്കാം”
“താരത്തിനും ദുഖമുണ്ട്”
എന്നിങ്ങനെ പരസ്യകാവ്യങ്ങള്‍
തയ്യാറാവുന്നു പോല്‍!!
****************************
02-11-2011 കൃകു
ഒരു മഴ! പല മഴ!
പുലര്‍കാലക്കുളിര്‍ത്തെന്നലില്‍
വെയിലിന്‍ വെളളിക്കൊലുസുമണി
ഞ്ഞെത്തി,യെന്നുള്ളില്‍ തുള്ളു-
മിളം പൈതലായ് മഴ...
പിന്നെന്‍റെ മുറ്റത്തൊരു
മുല്ലപ്പൂപ്പന്തലുകെട്ടി
തുടികൊട്ടിയാടിപ്പാടും
സുരസുന്ദരിയായ് മഴ..
നട്ടുച്ചക്കിരുളു പുതച്ച്,
നീളന്‍ മുടി ചുറ്റും ചിതറി
അലതല്ലി ചിരിച്ചു കൊണ്ടൊരു
ഭ്രാന്തത്തിപ്പെണ്ണായ് മഴ..
അന്തിക്കിരുകണ്ണിലുമോരോ
മിന്നല്‍പ്പിണ൪പന്തംചൂടി
ഇടിവെട്ടിന്‍ ചിലങ്ക കെട്ടി
കലി തുള്ളും കോമരമായ് മഴ...
എല്ലാരുമുറങ്ങും നേരം
ഇടിമിന്നല്‍ ചേലയണിഞ്ഞു
ജനവാതില്‍പ്പാളിയിയിലൂടെ
കൈനീട്ടും കാമിനിയായ് മഴ..
നടുനട്ടപ്പാതിരനേരം,
നടുമിറ്റത്തൂണില്‍ ചാരി
ഓര്‍ത്തോര്‍ത്തു വിതുമ്പിക്കരയു-
മൊരേകാകിനിയായ് മഴ..
അതിരാവിലെയമ്പലമുറ്റ
ത്തരയാലിന്‍ തറയിലനാഥം
കരിയിലതന്‍വിരിയിലുറങ്ങും
മുതുമുത്തശ്ശിയായ് മഴ..
**********************
22-06-11 കൃകു
കറുത്ത ചിത്രശലഭങ്ങള്*
കള്ളനും പോലീസും
ആത്മഹത്യക്കു മുമ്പായി-
ട്ടന്തോണിലോനപ്പനാദ്യമായ്
ആത്മാര്‍ഥമായൊന്നു
പൊട്ടിച്ചിരിച്ചു പോല്‍!
പിന്നെ കിടപ്പറച്ചുമരിലെ
കണ്ണാടി തറയിലിട്ടാഞ്ഞുട-
ച്ചായതിന്‍ ശിഥിലങ്ങളില്‍
സ്വയം ദശാവതാരമായ്
ദര്‍ശിച്ചു രസിച്ചു പോല്‍ !
അതുകഴിഞ്ഞോന്നായതന്നെയിഹ-
പത്തായി കണ്ടതിന്നുന്മാദ-
മുള്ളിലൊരു തുടിയായുണരവേ
കൂര്‍ത്തചില്ലാല്‍ കൈത്തണ്ടയില്‍
ഹംസഗാനം ചമച്ചുപോല്‍!
അന്തിയിലിളവെയിലെന്നപോല്‍
മൃത്യുവിന്നന്ധകാരത്തി-
ലലിയുന്നതിന്‍ മുമ്പായ്
ലോനച്ചനീവിധം ചോരയാല്‍
ചുമരില്‍ കുറിച്ചിട്ടു പോല്‍:
“ഈ തമാശക്കു കാരണം
നിങ്ങളല്ലാ, പലിശമാത്തനല്ലാ,
ചത്ത ഞാന്‍ പോലുമല്ലെന്‍റെ
മാളോരേ, മീശപ്പോലീസേ!
എങ്കിലും ചുമ്മാതെ
നേരംപോക്കായിട്ടെയ്
മ്മക്ക് കള്ളനുംപോലീസു
മായ് കളിക്കാം..
ഞാനാകാം പോലീസ്
കള്ളനായ് നിങ്ങളും
കളിയിലെങ്കിലും
പാവം സത്യം ജയിച്ചോട്ടെ!!”..
*****
കൃകു 10/01/2012
ഒരു പ്രേം കഹാനി
അന്തിനിലാവത്ത്, പൊന്നാനിക്കടവത്ത്
കര ചെന്ന് കടലിന്‍റെ കാതിലോതീ:
“പുന്നാരമണിമുത്തേ ഞമ്മക്കീ നാടുവി-
ട്ടോരു കിനാത്തോണി തുയഞ്ഞു പോകാം..
ഇവിടടീ ഹലാക്കിലെ മത്തിമണത്തില്
ഒരു സുമാറില്ലെന്‍റെ ഖല്‍ബേ .”
അന്നേരം മോഞ്ചത്തി കൊലുസും കുലുക്കി--
ക്കോണ്ടിവിധം പ്രതിവചിച്ചാള്‍:
“ഇങ്ങക്ക് നട്ടപ്പിരാന്താ മനിശ്യനേ..
എങ്ങണ്ട് മണ്ടാനാ മോന്തി നേരത്ത്?
മുണ്ടാണ്ടെ മൂലയ്ക്ക് കേറിക്കെടന്നോളി
ബല്ലോരും കേക്കണ്ട..പുയ്യാപ്പളെ..”
നാട്ടികക്കടലോരത്തീറന്‍ കാറ്റത്ത്
കര പിന്നേം രാഗവിവശനായീ...
“ക്ടാവേ ഈ പരിപാടി ശേര്യാവില്ലട്ടാ..
മ്മക്ക് ഒരു പോക്കങ്ങട് പോവാം മുത്തേ.
ഇവടാകപ്പാടെ അദിന്‍റെ ഒരു ഇദില്ലാട്ടാ...
എന്തുട്ട് മരണത്തെരക്കാ മൈനേ...”
അത് കേട്ട കടലൊട്ടൊന്നന്ധാളിച്ചു-
അലയടിച്ചാകവേ പരിഭവിച്ചാള്‍::
“അയ്യാ ഇതെന്തൂട്ട് വര്‍ത്താനണ്,
മാളോരേ, ഇയ്യാള് പോരും വഴി
അന്തിക്കാട്ടെങ്ങാനും ഷാപ്പീക്കേറീ-
ട്ടാരേഴുകുപ്പി കമഴ്തിക്കാണും.”
അന്നേരം കര പാഞ്ഞു കൊച്ചീലെത്തി..
ശൃംഗാര ഭാവത്തില്‍ വീണ്ടും ചൊന്നാന്‍:
“പെണ്ണാളെ നുമ്മക്ക് പോവാം കേട്ടാ
ഇവടപ്പടി കൊതുകിന്‍റെ കൂടാ കെട്ടാ
പുന്നാരമോന്തേല് കൊതു കുത്തും ട്ടാ..”
“കര്‍ത്താവേ ഇതിയാന് ഹാലിളക്യാ..
മാതാവേ ഇത് വല്ലോം കേക്കനുണ്ടാ”
കൊച്ചിക്കടല്‍ നെഞ്ഞത്താഞ്ഞടിച്ചൂ
കോട്ടപ്പുറത്തോളം തിരയടിച്ചൂ...
പിന്നെ കര ചെന്നു കോവളത്തെ
തുവെള്ള മണലിരുന്നു പാടീ
“എന്തരു പരിപാടി ചെല്ലക്കിളിയെ
നമ്മള്ക്ക് കാനനഛായകളില്‍
ആടുകള്‍ മേയ്ക്കുവാന്‍ പോകാം പുള്ളേ..”
അന്നേരം കടലോ തിരിച്ചു പാടീ..
“വേണ്ടെന്‍റെ ച്യാട്ടാ, വ്യണ്ട വ്യണ്ട
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തു കൂടാ...”
****
11/10/2011 കൃകു