ഉത്തരത്തിനു കാത്തുനില്‍ക്കാനാവാത്ത ചോദ്യങ്ങള്‍

രാജാക്കമ്മാര് ഉടുതുണിയില്ലാതെ ഇങ്ങനെ
രാപ്പകല്‍ ചെണ്ടേംകൊട്ടി ഊരുചുറ്റീട്ടും
രാജാവ് നഗ്നനാണ് എന്ന് ആരോരും
വിളിച്ചുപറയാത്തതെന്തണ്?
മ്മടെ പണ്ടത്തെ കഥയിലെ
ആ കുട്ടി ഇപ്പൊ എവട്യണ്?!
ഒത്തിരിപ്പേര്, അന്തിയാവോളം, പല കാലം,
പല കാതം, ചവിട്ടി ചുമന്ന ചെമ്മണ്‍ കലം
ഇങ്ങനെ വീണ്ടും വീണ്ടും ഉമ്മറത്തിട്ടു ഉടച്ചിട്ടും
ആര്‍ക്കുമാര്‍ക്കും ഈറ വരാത്തതെന്തേനു?
പറഞ്ഞ (നുണ) തന്നെ വീണ്ടും വീണ്ടും..ണ്ടും.ണ്ടും..
തിരുവായ്മൊഴിഞ്ഞ്
പടം പിടിച്ചോണ്ടിരിക്കുമ്പൊ
ആരും കൂവാത്തതെന്താ? കോട്ടുവായിടാത്തതെന്താ?
വലിയോരായോരൊക്കെ അവനവനോടും
അനുചരന്മാരോടും മാത്രം സംസാരിക്കുകയും
മ്മളെ കാണുമ്പോ, മുഖത്തെ മന്ദഹാസം പോലും
നിരോധിക്കുകയും ചെയ്യുന്നതെന്താ?
പച്ചനുണ ചവച്ചു ചവച്ചു സത്യമാക്കുന്ന
കച്ചവടക്കാരെ അരചന്മാരും അമാര്‍ത്യരും
കൊണ്ടാടി നടക്കുമ്പോ ആരും കാണാതെങ്കിലും
ആട്ടാത്തതെന്താ..തുപ്പാത്തതെന്താ..?
നമ്മടെസ്വപ്നങ്ങളുടെ ശവഘോഷയാത്രകള്‍
അവര് ഉത്സവങ്ങളാക്കുമ്പോള്‍,
ഇങ്ങനെവെറുങ്ങലിച്ച് വെളുത്തു നില്‍ക്കാതെ
നെഞ്ഞത്തടിച്ച് തേങ്ങിക്കരയാത്തതെന്താ തള്ളേ!
വേണ്ടാ ട്ടാ…ഉത്തരം വേണ്ടാ..പക്ഷേ നോക്കിന്‍…
ഉത്തരം വേണ്ടാത്ത ചോദ്യങ്ങള് ഇങ്ങനെ
പെരുകി പെരുകി പെരുമഴയാവണുണ്ട്‌…
നേരം വൈക്ണണ്ട്… ഇരുട്ട് പരക്കുന്നുണ്ട്….

**************************************************
കൃകു
28, ജനുവരി, 2015


Leave a Reply

Your email address will not be published. Required fields are marked *