വിഗ്നേശ്വര സ്തുതി

തെരുവോരത്തെ വിഗ്നേശ്വര വിഗ്രഹത്തിനു മുന്നിലേക്ക്‌
സന്താപങ്ങളും സന്തോഷങ്ങളും
പരിഭവങ്ങളും പരാതികളും പേറി
പരസഹസ്രം തേങ്ങകള്‍ അതിവേഗം പാഞ്ഞുചെന്ന്
ഉടഞ്ഞു കൊണ്ടിരുന്നു..
അളിയന്‍റെ കാലോടിയാന്‍ ആയിരം തെങ്ങ,
ഒടിഞ്ഞ തോളെല്ലടുക്കാന്‍ അമ്പതു തേങ്ങ
കസേര കിട്ടാനും തെറിക്കാനും തേങ്ങ,
വിവാഹം നടക്കാനും മുടക്കാനും തേങ്ങ
പരീക്ഷ എഴുതിയ കൊച്ചന്‍ ഓരോ വിഷയത്തിനും
വെവ്വേറെ തേങ്ങ വേണമെന്ന് ഒരേ വാശി
“ഏഴു രൂപ എട്ടു രൂപ” എന്ന് അപ്പുപ്പനും
“എട്ട്, പത്തു” എന്ന് അമ്മൂമ്മയും
പൊട്ടാനുള്ള തെങ്ങകളെ ഉയര്‍ത്തിപ്പിടിച്ചു
പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു..
ഏതു വിഷയത്തിനാണ് തങ്ങളിങ്ങനെ
പോട്ടിക്കൊണ്ടിരിക്കുന്നതെന്ന്
അറിയാന്‍ അവകാശം വേണമെന്ന് ഒരു തേങ്ങ.
“വിശ്വാസങ്ങളില്‍ ഇടംകൊലിടെണ്ട” കൊച്ചനേ
എന്നൊരു കുടുമക്കാരന്‍ തേങ്ങ..
വെറുതേ ഈ വിധം പൊട്ടാതെ, കുറേ നാള്‍ കൂടി
അമ്മേടെ മണ്ടയിലിരുന്നു കടല്‍ കാണാമായിരുന്നു
എന്നൊരു ഇളത്തതേങ്ങയുടെ ആത്മഗതം.
അതിനിടെ മാസാമാസം തേങ്ങയിടാന്‍
ആളെക്കിട്ടാന്‍ ഒരാള്‍ ഒരു തെങ്ങയുടച്ചത് ശ്രദ്ധേയമായി.
പെട്രോള്‍ വിലയുമായി ബന്ധപ്പെട്ടു ഉടഞ്ഞ തേങ്ങകളുടെ
എണ്ണമറിയാന്‍ ഗവേഷകനു ജിജ്ഞാസ..
ഗുണ്ടാ തേങ്ങകളുടെ എണ്ണമെടുത്താല്‍
തുമ്പില്ലാക്കേസുകള്‍ പലതും തെളിയുമെന്ന്
അഭിഭാഷക ബുദ്ധി..
തേങ്ങ എറിഞ്ഞെറിഞ്ഞു കൈകുഴഞ്ഞ പരികര്‍മി
കോപാകുലനായി ആഞ്ഞുടച്ച ഒരു തേങ്ങ
ആറായ് പിളര്‍ന്നതിലൊരു തുണ്ട്
പാറിപ്പറന്നു തെരുവില്‍ പതിച്ചതും
അന്നം കിട്ടാത്ത ഒരു കറുമ്പന്‍ നായും
അപ്രകാരം തന്നെയുള്ള ഒരു പിച്ചക്കാരിയും
അതിന്‍റെ അവകാശത്തിനായി
ചര്‍ച്ചയിലേര്‍പ്പെട്ടതും വാല്ക്കകഷണം..
എല്ലാം കണ്ടുള്ള ഗജമുഖ സുസ്മിതത്തിനു
ഭക്ത്യാദരപൂര്‍വം ഒരു തേങ്ങ..

********************
കൃകു 30-09-2011


Leave a Reply

Your email address will not be published. Required fields are marked *