കേള്‍വി

നോക്കൂ, ഗുരോ, നേതാവേ, സുഹൃത്തേ, സഖാവെ,

കേള്‍വിയുടെ അകാല ചരമത്തേക്കുറിച്ച്
ഇനിയും പറയാതെ വയ്യെന്നായിരിക്കുന്നു…
പറഞ്ഞിട്ട്, ഫലിതമല്ലാതെ ഫലമുണ്ടാകാനില്ല എന്നും
കേള്‍വി ഒരു വെറും സ്മൃതിയായിരിക്കുന്നു എന്നും
അറിഞ്ഞിട്ടും എന്തിനീ പറച്ചില്‍
എന്ന അത്ഭുതം ചുമ്മാ അവശേഷിക്കട്ടേന്ന്..
നേതാക്കളും വാര്‍ത്താവായനക്കാരുമൊക്കെ
കാതടച്ച്, കണ്ണടച്ച്, കൈയുയര്‍ത്തി
വാതോരാതെ ഉറഞ്ഞു മൊഴിഞ്ഞു തുടങ്ങിയ
കാലം മുതലേ
ടിയാന്‍ അന്നം കിട്ടാതെ
അനാഥനായി അലഞ്ഞു തിരിഞ്ഞിരുന്ന കാര്യം
പലരും ഓര്‍മിക്കുന്നു…
അതിനു ശേഷം എന്ത് സംഭവിച്ചു
എന്നത് അശേഷം വ്യക്തമല്ല..
ഏന്തിനേറെ പറയുന്നു,
ഇന്നലെ അന്തിയോടെ
അത് സംഭവിച്ചു..
ഒറ്റക്കിരുന്നു അലറിക്കൊണ്ടിരുന്ന
ഒരു അനാഥ ടിവിക്കു മുമ്പിലായിരുന്നു
പരേതന്റെ് മൃതശരീരം കാണപ്പെട്ടത്.
കഴുത്തില്‍ ഒരു നീലക്കൈപ്പത്തി
കണ്ടു കണ്ടില്ല എന്ന് ദൃക്സാക്ഷി….
ഏതായാലും ഇനി ഏറെ വൈകും മുമ്പ്
അനാഥനായ പരേതനെ സംസ്കരിക്കുകയും
( ആചാര വെടികള്‍ മറക്കല്ലേ..!)
അവന്‍റെ സ്മരണക്കായി
തെരുവോരത്ത്
വലിയൊരു ആനച്ചെവി
സ്ഥാപിക്കുകയും ചെയ്യുന്നത്
ഉചിതമായിരിക്കുമെന്നു
സമക്ഷത്തിങ്കല്‍…..

***********
12/09/2011 കൃകു


Leave a Reply

Your email address will not be published. Required fields are marked *