കറുത്ത ചിത്രശലഭങ്ങള്‍*
പ്രിയപ്പെട്ട ഇന്‍ഗ്രിഡ്,
വെളുപ്പിന്റെ വെറുപ്പുകൊട്ടകളിലേക്ക്
ഇരുണ്ട ആഫ്രിക്കന്‍ കടലോരത്ത് നിന്നുകൊണ്ട്
നീ ചിറകണിയിച്ചു പറത്തി വിട്ട
കറുകറുത്ത ചിത്രശലഭങ്ങള്‍..
പിന്നെ, നീ നിന്റെ ചോരയും ഭ്രാന്തും
ആസക്തികളും ഉരുക്കിത്തീര്ത്ത
മഹാപ്രതിരോധങ്ങള്….
ഒടുവില്‍ മൃതമായ എല്ലാത്തിനെയും
വെല്ലുവിളിച്ചുകൊണ്ട്
മൃത്യുവിന്റെ
ആഴക്കടലിലേക്ക് നീ നടന്ന ആ നടത്തം..
തീക്കനല്‍ കൊണ്ട്
ഹൃദയഭിതിയിലെഴുതിയ
കവിതപോലെ
ഇപ്പോളും ഉള്ളില്‍
പൊള്ളി നില്ക്കുന്നു…
ഇടിവെട്ടു പോലെ
നീ നിന്റെ ചോരയില്‍ മുക്കിയ
കല്ക്കരിത്തുണ്ടു കൊണ്ട്
ചരിത്രത്തിന്റെ
ഇരുണ്ട ചുമരില്‍ കോറിയിട്ട വരികള്‍
കാലത്തിന്റെ അലസ മൌനങ്ങളെ
ഭേദിച്ച് അലറിവിളിക്കുന്നു:
“ഇല്ലില്ല..വെടിയേറ്റ ആ കറുത്ത കുഞ്ഞ്
മരിച്ചിട്ടില്ല., അതിന്റെ കുഞ്ഞു കൈപ്പത്തി അതാ
ആകാശത്തോളം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു..”
—————————————————————
ഫിലിം ഫെസ്റ്റിവലില്‍ *Black Butterflies എന്ന സിനിമ കണ്ടപ്പോള്‍..
20/12/2011 കൃകു
