കര്‍ത്താവേ… ഈ കല്ല്….!!
കര്‍ത്താവേ പണ്ടെന്നോ അങ്ങ് പറഞ്ഞ
തിരുവചനമൊരെണ്ണം മനസ്സില്‍ വച്ച്
അബദ്ധത്തിനു
ഒരു കല്ല് കയ്യിലെടുത്തതാന്നേ….
സംഗതി ആകെ പൊല്ലാപ്പായിപ്പോയി..
പാപിയെ പോയിട്ട്
എന്നെങ്കിലും ഒരു പാപം ചെയ്യണം എന്ന്
സ്വകാര്യമായി വിശാരിക്കുന്ന
ഒരുത്തനെ പോലും ഇവടെങ്ങും കണ്ടു കിട്ടാനില്ല….
ഒന്ന് കല്ലെറിയാന്‍…!!
എല്ലാവരും കുറ്റവിമുക്തരാകുന്ന കാലമല്ല്യോ..
കുറ്റങ്ങള്‍ ജീവനും കൊണ്ട് നാടുവിട്ട്
ഓടുന്ന കാഴ്ച ഒന്നു കാണണം
ഹ ഹാ.. എന്തോരു കുതൂഹലം..!!
കോരിത്തരിക്കും കേട്ടാ…
ഇപ്പ നുണപരിശോധനക്കു വന്ന യന്ത്രങ്ങള്‍
നാണിച്ചു നാവും വിരലും കടിച്ചു ഒരു നില്പ്പാ..
പഴയ കൈമുക്കുരുളികളില്
വെട്ടിത്തിളച്ചീരുന്ന നെയ്യ്
(മുന്‍കാ ല പ്രാബല്യത്തോടെ) കട്ടിയായി
ബട്ടര്‍ സ്കൊച്ച് ഐസ്ക്രീമാവുന്നു..
പോട്ടെ..അത് കള…
ഞാനിപ്പ ഈ കല്ലെന്തു ചെയ്യാനെക്കൊണ്ട്..?
അത് പറ.. അവനവനെത്തന്നെ എറിയാനാ..
പിന്നേ.. അത് നടന്നത് തന്നെ..
ആരും കാണാതെ ഇത് കടലിലേക്ക്
ആഞ്ഞെറിഞ്ഞ്.. ഒരു പുഞ്ചിരി തൂകാം..
അത് മതി.. പിണങ്ങല്ലേ…!
