മോക്ഷം

മയങ്ങുക കണ്ണേ മദിരയിലൂറു-
മിരുട്ടിന്‍ പതാളങ്ങളി-
ലൊക്കെ മറന്ന്, തളര്‍ന്നു മയങ്ങുക..
നിന്നെ വെളിച്ചത്തിന്‍റെ
വിശുദ്ധിയിലേക്കു നയിക്കാനെന്‍റെ
തളര്‍ന്ന മനസ്സിനു മോഹം.
വേണ്ട, വിളക്കിന്‍ നീറും
വെട്ടം നിന്നെ വളര്‍ത്തും
വളര്‍ച്ചയില്‍ നിന്‍റെയഗാധധയി–
ലോരുഷസ്സു പിറക്കു–
മുഷസ്സുവളര്‍ന്നോ-
രത്യുഗ്രതയായ്മാറു-
മൊടുക്കം ചൂടില്‍
നീ നിന്നെത്തന്നെയുരുക്കും!
വിഷാദം വേണ്ടിനി
വിളറുക വേണ്ടിനി—
യിരുളിന്‍ മടിരയി-
ലിരവിന്‍ നിദ്രയി-
ലിടവിട്ടിടവിട്ടഭയം
കൊള്ളുക
നിത്യത പൂകുക.
നിന്നെയുണര്‍ത്തിയ
നിന്നെ വളര്‍ത്തിയ
നിത്യതയോടിനി
വിട ചോന്നീടുക.
നിന്നിലുറങ്ങു
മനാദിവിഷാദ
സ്പന്ദത്തിന്‍ കണ
മുരുക്കിക്കളയുക..
മയങ്ങുക
മയങ്ങി, മയങ്ങി
യോടുക്കം നീയൊരു
മരുഭൂമിയുടെ നടുവില്‍
വെളിച്ചം വീണു പിടക്കു-
മഗാധകയത്തി-
ലിരുട്ടുറകൊള്ളും
നരകത്തീയി-
ലുറക്കം വിട്ടുണരും.
അവിടെ യുഗത്തിന്‍
ഗദ്ഗദനാദമുറച്ച
തണുപ്പി, ലുഷസ്സിന്‍
ചോര മണക്കും
കാറ്റുകള്‍ നിന്നെ
പ്പാടിയുറക്കിടു-
മവിടെത്തേടുക
നീ നിന്‍ മോക്ഷം..

*******
വളരെ വര്‍ഷം മുമ്പ് എഴുതിയതാണ്.. കേരള കവിതയുടെ പഴയൊരു ലക്കത്തില്‍
(ജൂണ്‍ 1969) പ്രസിദ്ധീകരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *