തെരുവ്

(i)
തെരുവൊരു ഭയങ്കരി
വെളുത്താല്‍ വെളുവെളെ-
ച്ചിരിക്കും, ചിരിയുടെ
വിഷനാരുകളാഞ്ഞെറി
ഞ്ഞിരകളെപ്പിടിക്കു,
മവയുടെ പിടപ്പു കണ്ടുകണ്ടു-
ള്ളിലുറക്കെച്ചിരിച്ചിടും.
തെരുവൊരു ഭയങ്കരി
തിരക്കാണവള്‍ക്കെന്തു-
തിരക്കാണതിരാവിലെ
നാറിയ മുഖമൊക്കെ കഴുകി
പ്പുതുപുത്തന്‍ മോടികളണിയണ-
മാനയായ്, സിംഹമാ, യെലിയായ്
പെരുച്ചാഴിയാ,
യാരോരൊരുമറിയാതെയാടണം.
മൃഗങ്ങളെ മനുഷ്യക്കോലം
കെട്ടിയാട്ടണം, വഴിവക്കിലെ
കുരുടനെ കരുവാക്കി
നേടണം പുണ്യം, വിറ്റ
മാംസത്തിന്‍ വിലയെണ്ണി
തിട്ടമാക്കണ-
മന്തിക്കുറങ്ങാന്‍ വെമ്പിടും
ജനത്തെ കാവലായ് നിർത്തിയി –
ട്ടാണയിട്ടുറപ്പിക്കണ-
മാദിമമഹദ്സത്തകള്‍ !
(ii)
തെരുവൊരു ഭയങ്കരി,
യിരുട്ടില്‍ കറുകറെചിരിക്കു-
മുള്ളകാശിനോരിത്തിരി
കള്ളുമൊത്തിയുറങ്ങിടും
ജനത്തെമയക്കിക്കിട-
ത്തിയി, ട്ടുച്ചക്ക് പുരാവചനം
ചൊല്ലിഭേസിയ മാന്യരെ
വില്‍പ്പനാലയങ്ങളിലേ
ക്കെഴുനെള്ളിച്ചയക്കണ—
മവര്ക്കായ്‌ കണ്ണ് പൊട്ടിച്ചു
ഭംഗിയില്‍ ചായം തേച്ചു
മോഹനസ്വപ്നങ്ങളെ-
യണിയിച്ചൊരുക്കണം..
ഇത്തിരി വെളിച്ചം പോലു
മൂറി വീഴാതെ, പകല്‍മാന്യന്മാ-
രിരുട്ടില്‍ മുഖം മൂടിക
ളഴിച്ചു മാറ്റുന്ന, തമ്പിളി
പോലും കാണാതോളിച്ചെ
വച്ചേക്കണ-
മെന്തു തിരക്കാണവള്‍ക്കെന്നോ..!

**
വളരെ പണ്ട് എഴുതിയ ഒരുകവിത. “കേരളകവിത”യില്‍
പ്രസിദ്ധീകരിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *