ചരിത്രപ്രവേശം
പ്രായത്തിനു ആകാതിരിക്കാനാവില്ലല്ലോ!
വിഗ്, ഹെയര്‍ സ്ടിച്ചിംഗ് മൊട്ടയടി..
പെയിന്റടി.. എല്ലാം ക്ഷണപ്രഭാചഞ്ചലം!..
ജനനതീയതി മറച്ചും
കളര്‍ ബനിയനുകള്‍ മാറി മാറിയിട്ടും
നടത്താവുന്ന നീക്കുപോക്കുകള്‍ അതിലും പരിമിതം.
അനിവാര്യമായ മെമ്മറി ലോസ്സ്
ആദ്യം കണ്ടെത്തുന്നത് ഭാര്യയാണെങ്കില്‍
ഒരു വിരട്ടിലോ ബ്ലാക്ക് മെയിലിലോ
സ്വല്പകാലം തളയ്ക്കാം..
പക്ഷെ പത്രക്കാരന്റെ പേര് തെറ്റി വിളിക്കുന്നതും
അപ്പുണ്ണിയെ കിട്ടുണ്ണിയായ് കാണുന്നതും
പതിവായാല്‍ അയല്പക്കം കർത്തവ്യ നിരതമാകും..
പറഞ്ഞു വന്നത്.. ഈ ഘട്ടത്തില്‍ ഒഴിവാക്കാനാവാത്ത
ചില ടി വി പരസ്യങ്ങളെപ്പോലെ കൊണ്ടുകയറുന്ന
ചരിത്ര പ്രവേശന ത്വരയെക്കുറിച്ചാണ്..
താന്‍ തന്നെ കർത്തവ്യവും കര്‍മവും കാരകവുമാകുന്ന
പല കഥകളും ഈ ഘട്ടത്തില്‍ പിറന്നു വീഴും..
ഇത്തരം കഥകള്‍ കേട്ട് കോരാത്ത കുളിരും കോരി
നിസ്സഹായരായി മരിച്ചു വീണവരുടെ
എണ്ണം നിസ്സാരമല്ല പോല്‍.
അക്ഷരലേശമില്ലാതെ അര്‍ഥം കൊണ്ട്
കഥകളും ആത്മകഥകളും രചിച്ചാണ്
പലരും ചരിത്രപ്രവേശം നടത്താറത്രെ.
ഒന്നിനെ പത്തോ പതിനായിരമോ ആക്കിയും
സത്യത്തിന്മേല് ഫോട്ടോ ഷോപ്പ് പ്രയോഗിച്ചും
നടത്തിപ്പോന്ന ചരിത്ര പ്രവേശത്തിന്
ഇപ്പോള്‍ പുത്തന്‍ ആപ്പുകള്‍ പോലും ഉണ്ട് പോല്‍..
++++++
