കഥാശേഷമെവ്വിധം സഖീ?

ഏതോ ഒരജ്ഞാത
സഞ്ചാര വീഥിയില്‍
എന്നോ ഒരു കണ്ണായുടക്കി,
ഉള്ളിലെ പുളകപ്പാടത്തൊരു
കിളിയായ് പറന്നത്,
ചങ്കിലൊരു
പൂവായ് വിടര്‍ന്നത്,
പകല്‍ക്കിനാക്കിറുക്കില്‍
മധുസ്മിതമായ്‌ പടര്‍ന്നത്,
നിദ്രാവിഹീനമാം സിരകളില്‍
തിരകളായാഞ്ഞാഞ്ഞാലച്ചത്,
വിരസ ഗ്രീഷ്മങ്ങളില്‍
മഞ്ഞായുതിര്‍ന്നത്,
മൂക സായന്തനങ്ങളില്‍
മൂളിപ്പാട്ടായത്,
ഘനശ്യാമയാമങ്ങളില്‍
തീക്കൊടുംകാറ്റായത്,
ഒടുവില്‍
ഒരേകാന്തരാവിന്‍റെയറുതിയില്‍
അകലുന്ന രാക്കിളിപ്പാട്ടായത്,
ശുന്യാംബരത്തിലൊരു
മുകിലായി മാഞ്ഞത്,
പിന്നെ
കരളിലൊരു മുള്ളായത്
കണ്ണിലൊരു മുത്തായത്
കരയുന്ന കവിതയാവുന്നത്…..
വെറുതേ ഞാനോര്‍ത്തു പോകുന്നു…
വീണ്ടുമേകാകിയായ്‌
പുതുപഥങ്ങളില്‍
യാത്ര തുടരവേ…
ഒന്നു ചോദിച്ചോട്ടെ….
സഖീ, ഇനിയൊ?
ഇനിയെന്തു പരിപാടി?!!
കഥാശേഷമെവ്വിധം?

********************************
കൃകു 11, May, 2011


Leave a Reply

Your email address will not be published. Required fields are marked *