അമ്മയുടെ ചിരി..
അടുക്കളപ്പാത്രങ്ങളിലെ നീക്കിബാക്കികള്‍
ഉപ്പിന്റെയും മുളകിന്റെയും മീന്‍മസാലയുടെയും
പിടി വിട്ട് അനാഥരായി
അമ്മയുടെ കൈകളില്‍
തിരിച്ചെത്തി…
രാവിലത്തെ പ്രാതല്‍പ്പയറ്റ് കഴിഞ്ഞു
മൂത്തമോന് രാവുണ്ണി ബാക്കിവച്ച രണ്ടു കറിവേപ്പില,
ഉച്ചയൂണു കഴിഞ്ഞ്
കുട്ട്യോള്ടെ അച്ഛന് കുട്ടിരാമന്
ഈമ്പി തകര്‍ത്തിട്ട മുരിങ്ങാച്ചണ്ടി,
മിനിക്കുട്ടി എന്നത്തേയും പോലെ
ചവച്ചു ബാക്കിവച്ച തക്കാളിത്തോല്‍,
ഒടുക്കത്തവന്‍, അപ്പൂട്ടന് കാര്‍ന്നു കാര്‍ന്നു
തുപ്പി വച്ച അയല മുള്ള്
ഇവയൊക്കെ ചേര്‍ത്ത് വച്ച്
അമ്മ, ഞെണുങ്ങിയ
അലുമിനിയപാത്രത്തിന്റെ
അടിവശത്തായി
ഒരു ചിത്രം മെനഞ്ഞു…
എന്നിട്ട് കണ്ണാടിയിലെന്നപോലെ
അതിലേക്ക് നോക്കി
വെറുതെ ചിരിച്ചു.
************************
കൃകു
മെയ് 2011
