അമ്മദിനം

ആദ്യം അമ്മയും ഞാനും ഒന്ന്
പിന്നെപ്പിന്നെ ഓരോ നിമിഷവും അമ്മ
ഉണ്ണാന്‍, ഉറക്കാന്‍, ഊട്ടാന്‍…
പിന്നീട് ആഴ്ച്ചയില്‍ ഒരമ്മ!!
ഞായര്‍. ഹോട്ടല്‍ വിട്ട് കേമായി
ഒരു ശാപ്പാട് അമ്മക്കൈ കൊണ്ട്
കാലം പോയപ്പോ
അവധിക്കാലത്ത്‌ ഒരമ്മ
കിന്നാരം പറയാനും
പിന്നെ പിന്നെ കല്യാണം മൂളാനും !
പിന്നെ എപ്പോഴോ
മറുനാട്ടിലായപ്പോ
അന്തിയില്‍
ടെലഫോണിന്‍റെ മറ്റേ തുമ്പത്ത്…
അകലെ അകലേ ഒരമ്മ
“വിശേഷോന്നുല്യ അമ്മേ
വച്ചോളൂ!”
ഒടുവില്‍ ഇപ്പോള്‍
കൊല്ലത്തില്‍ ഒരുനാള്‍
പെട്ടെന്ന് ഞെട്ടല്‍ പോലെ
ഒരമ്മ
അമ്മദിനത്തിനു….


Leave a Reply

Your email address will not be published. Required fields are marked *