ഇത്തിരിക്കുഞ്ഞന്മാരുടെ പെരും സത്യം
ഇത്തിരിക്കുഞ്ഞന്മാർ
വിശ്വൈക പൗരന്മാർ
ഞങ്ങളെയറിയുമോ കൂട്ടുകാരെ
(ഇത്തിരി)
തൂണിലും തുരുമ്പിലും
തീയിലും തണുപ്പിലും
കൊടുമുടിത്തുമ്പിലും
കടലിനാഴത്തിലും
പെരുകിപ്പരക്കുമീ
ഞങ്ങളെയറിയുമോ?
(ഇത്തിരി)
കണ്ണാലെ കാണാനാവാത്തോ-
രെണ്ണിയാൽ തീരത്തോർ
നിങ്ങടെ മുതുമുതു
മുത്തശ്ശിമാർ ഞങ്ങൾ
നിങ്ങൾക്കായ് വഴിവെട്ടി
വീടുതീർത്തോർ
(ഇത്തിരി)
മണ്ണ്, വിണ്ണ്, പൂവ്, പുഴക-
ളെണ്ണമറ്റ സസ്യജാല-
മൊന്നുമില്ലീ പ്രപഞ്ചമില്ല,
നിങ്ങളില്ല; ഞങ്ങളില്ല-
യെങ്കിലെന്ന പെരിയസത്യ-
മെന്നുമെന്നുമോർക്കുക..
(ഇത്തിരി)
ഇത്തിരിക്കുഞ്ഞന്മാർ
ഞങ്ങൾ ചൊന്നീടുന്നൊ-
രിപ്പെരും സത്യം മറക്കാതിരിക്കുക
****
യുറീക്കയുടെ സൂക്ഷ്മജീവിപ്പതിപ്പില്‍ ( ഓഗസ്റ്റ് 2016) പ്രസിദ്ധീകരിച്ച ഒരു കുട്ടിക്കവിത
