ഭ്രാന്താചലം
ഇവിടെയിപ്പോള്ളുന്ന പാറതന്നുച്ചിയില്‍,
കാഞ്ഞിരക്കാതലില്‍, ഞാന്‍,
എന്നെ സ്വയം തളച്ചിട്ടിരുന്നതിന്‍
പോരുളുരുക്കഴിക്കുവാന്‍, കൂട്ടരേ,
പന്തിരുകുലത്തിന്‍റെ ജാതകം വായിക്കേണ്ട,
ഒറ്റയ്ക്ക് ഞാനന്നു മനംനൊന്തലറുന്നതു
കേട്ടു ഞെട്ടിയ പാവം നിളയോടു ചോദിക്കേണ്ട..
ഒടുവിലെന്‍ ദീനാലാപം കടുംതുടിയാക്കി
കൊടും താണ്ഡവമാടിയ ദേവിക്കുമറിയില്ല..
നേരെന്നു സര്‍വരും ചൊല്ലുന്ന നദിയുടെ
നേരെയെതിരായി നീന്തി നീങ്ങീടവേ,
എല്ലാരുമെല്ലാതുമെല്ലാംമറന്നുറങ്ങീടുന്ന
രാത്രികളുടെ നൊമ്പരം നെഞ്ചിലേറ്റീടവേ,
കര്‍മധര്‍മ്മങ്ങള്‍തന്‍പേരിലാരോ പരസ്പരം
വെട്ടുന്ന വാള്‍മുറിവുകള്‍ സ്വയമെറ്റു വാങ്ങവേ,
ഒരു കാലിലെ മന്ത് മറ്റൊന്നിലേയ്ക്കാക്കി
സ്വയമാശ്വസിക്കാന്‍ ശ്രമിച്ചു മടുക്കവേ,
ഒടുവിലെല്ലാപടയുമവനവനവനോ—
ടരാടിത്താന്‍ തീരു,മെന്നറിഞ്ഞിടവേ,
ജന്മജന്മാന്തരങ്ങള്‍തന്‍ ചുടുമണല്‍പ്പാതകള്‍
താണ്ടിക്കിതച്ചീ വനാന്തരം പൂകി ഞാന്‍.
പിന്നെയീമന്നിന്‍റെ ഭ്രാന്തുമുഴുവനുമുള്ളി—
ലാവാഹിച്ചെന്നെത്താന്‍ ചങ്ങലക്കിട്ടു ഞാന്‍!!
*****
9/01/2012 കൃകു
