ജീവിതം, പുസ്തകം !!
സ്നേഹം, പാലായി ചുരന്നു വന്നിരുന്ന മിനു മിനുത്ത
ഈ അകിട്ടില്‍ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും
“ ശുഭാപ്തി വിശ്വാസം കൈവിടരുത് “
എന്ന് യന്ത്രം പോലെ നീ മൊഴിയുുന്ന,
നിന്റെയാ ഒടുക്കത്തെ ക്വൊട്ടേഷന്‍ ഉണ്ടല്ലോ..
അത് എത്ര വലിയ കിത്താബില്‍ നിന്നുള്ളതാണെങ്കിലും
എനിക്ക് ഏറ്റ് വാങ്ങാന്‍ കഴിയില്ല.. സോറി.
സ്ഥലകാലങ്ങളില്‍ നിന്ന് അടർത്തിയെടുത്ത
നിന്‍റെ ഉദ്ധരണികള്‍, ഉടലില്ലാതെ ചിന്തിക്കുന്ന
തലകള്‍ പോലെയാണ്..
നിന്റെ പല പുസ്തകങ്ങളും ശരിക്കൊന്നു
തുറന്നു വച്ചാല്‍ അവയിലെ മിക്ക ഉദ്ധരണികളും
കാറ്റും വെയിലും തേടി
ഏടുകളുടെ വേലി ചാടി ഓടും..
സൂക്ഷിച്ചു നോക്ക്…. ഇപ്പോള്‍ തന്നെ
അവ പുസ്തകത്താളുകളില്‍
പരസ്പരം ഇടഞ്ഞു തല തല്ലിക്കീറുന്നത് കാണുന്നില്ലേ.
പുസ്തകം പോലെ ജീവിക്കാനുള്ള നിന്‍റെ ഈ ശ്രമം ,
ഉദ്ധരണികള്‍ മാത്രം ഛര്ദിക്കുന്ന ഈ നാടകം,
പ്രിയേ, പറയാതെ വയ്യ,
ദയനീയമാണ്, പരമ ദയനീയം..
ജീവിതത്തില്‍ നിന്നാ പുസ്തകം വന്നേ
മറിച്ചല്ല… മറക്കേണ്ട..
**********
കൃകു 27-02-16
