ചില ദുഃഖ ചിന്തകള്‍
1
ഇളം കറുപ്പുനിറമുള്ള
മഴക്കാറുകളില്‍ സഞ്ചരിച്ചാണ്
ദുഃഖങ്ങള്‍ എന്‍റെ അരികിലെത്താറ്..
കറുത്ത കാറുകള്‍ ജനാലക്കപ്പുറം
പതുങ്ങി നില്‍ക്കു മ്പോള്‍
മനസ്സ് പറയും:
“ദുഖങ്ങളുടെ വരവായി”
2
മേഘങ്ങളുടെ അശ്രദ്ധ മൂലം, ചിലപ്പോള്‍,
എനിക്കുള്ള ദുഃഖങ്ങള്‍
വഴിയിലോ, മാര്‍ക്കറ്റിലോ
അല്ലെങ്കില്‍ വഴിയോരത്തോ
ഒക്കെ ചിതറി വീഴും..
അങ്ങനെ വഴിയോര ദുഃഖങ്ങള്‍,
മാര്‍ക്കറ്റ് വ്യഥകള്‍,
അങ്ങനെ പലതരം ദുഃഖങ്ങള്‍ ഉണ്ടാകും.
3
ദുഃഖങ്ങള്‍ ഉരുക്കിയും വേവിച്ചും
പലതരം സന്തോഷങ്ങള്‍ ഉണ്ടാക്കാമത്രേ..
ആരോ പറഞ്ഞു കേട്ടതാ..
പരീക്ഷിച്ചു നോക്കിയില്ല
നൂറു തിരക്കല്ലേ..പിന്നെ കൂട്ടുകളും പിടിയില്ല!
ഉപ്പോ മുളകോ മഴവില്ലോ മയില്‍പ്പീലിയോ.
എന്തരോ എന്തോ?
4
തിരക്കുള്ള നേതാക്കള്‍, യാത്രികര്‍
എന്നിവര്‍ക്കായി ദുഃഖങ്ങള്‍
പെട്ടെന്നുകിട്ടാനും ഏര്‍പ്പാ ടുണ്ടത്രേ..
ക്ഷിപ്ര ദുഃഖങ്ങള്‍, ഫാസ്റ്റ് ഫുഡ് പോലെ..
ദുഃഖ നിര്മാണം വ്യവസായികാടിസ്ഥാനത്തില്‍
വിജയിപ്പിക്കാമെന്ന് ചിലര്‍..
ദുഖമെന്തെന്നറിയാത്ത ജനവിഭാഗത്തെ
ദുഃഖ മേഖലയിലേക്ക്
ആകര്‍ഷിക്കല്‍.. പദ്ധതിച്ചുരുക്കം…
5
മഹാദുഖങ്ങള്‍, ധര്‍മ്മ സങ്കടങ്ങള്‍
എന്നിവയ്ക്ക് മാര്ക്കറ്റ് കുറവാണെന്നും
അവയ്ക്കുള്ള കഷായക്കൂട്ട്
ഏതാനും പാരമ്പര്യ വൈദ്യന്മാര്ക്കേ
വശമുള്ളു എന്നും കേള്‍വി.
6
“വരൂ നമുക്കും ദുഖിക്കാം”
“വൈകീട്ടോന്നു ദുഖിക്കാം”
“താരത്തിനും ദുഖമുണ്ട്”
എന്നിങ്ങനെ പരസ്യകാവ്യങ്ങള്‍
തയ്യാറാവുന്നു പോല്‍!!
****************************
02-11-2011 കൃകു
