ഖുര്‍ജയിലെ കവികള്‍
ഖുര്‍ജയില്‍ അവര്‍ കളിമണ്ണില്‍ കവിത എഴുതും
അപ്പോള്‍ മഴവില്ലുകള്‍ നാണിച്ചു മേഘങ്ങള്‍ക്കിടയില്‍
മറഞ്ഞു നില്ക്കും…
വെള്ളി മേഘങ്ങളുടെ നിറമുള്ള താടിയും
ആകാശം പോലെ വിശാലമായ നെറ്റിത്തടത്തില്‍
നിറച്ചും ചുളിവുകളുമുള്ള അബ്ദുള്‍ ഹക്കീമിനോട്
ഞാന്‍ നമ്മടെ ടീ വീക്കാര് ചോദിക്കുന്നതുപോലെ
ചോദിച്ചു:
ഈ പാത്രത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍
അങ്ങേക്ക് എന്ത് തോന്നും?
മഴവില്ല് തോല്‍ക്കുന നിറങ്ങളുള്ള
ചെടിച്ചട്ടിയില്‍ പരുക്കന്‍ കൈവിരലുകള്‍
പതുക്കെ ഓടിച്ചു കൊണ്ട്, മഴക്കാല മേഘങ്ങള്‍ക്കിടയില്‍
മാഞ്ഞു പോകുന്ന സൂര്യനെപ്പോലെ, ചിരിച്ചുകൊണ്ട്
ഹക്കീം ഭായ് പറഞ്ഞു..
എനിക്കപ്പോള്‍ അര ചാക്ക് ആട്ട,
രണ്ടു മൂന്നു കിലോ ആലു, കുറച്ചു തക്കാളി,
ഉപ്പ്, മുളക്
പിന്നെ നൂറു രൂപ വിലയുള്ള
ആമിനയുടെ ചുമ മരുന്ന്
ഒരിത്തിരി ആട്ടിറച്ചി
അമ്മിക്ക് ഒരു ജോഡി ചെരുപ്പ്
ഒക്കെ ഓര്മ വരും….
എന്നിട്ട് മുഖത്ത് ബാക്കിനിന്ന ചിരി
ഒരു ചകിരി തുപ്പുകൊണ്ട് തൂത്ത് മാറ്റുന്നത് പോലെ
തൂത്ത് മാറ്റിക്കൊണ്ട് പറഞ്ഞു
ഇതിനോക്കെകൂടി 100-150 രൂപ വേണം.
കിട്ടുന്നത് 25 അല്ലെങ്കില്‍ 30 രൂപാ
അപ്പൊ പിന്നെ എന്താ വഴി?!!
അടുത്ത കവിത …
അങ്ങനെ ഞങ്ങള്‍ കവിതകള്‍ എഴുതിക്കോണ്ടേയിരിക്കും……
