കാഞ്ചനക്കൂട്
അന്ന് തടവറയില്‍
ഭയം കറുത്ത മഞ്ഞു പോലെ
കനത്തു നിറയുമ്പോളും
അടഞ്ഞ കിളിവാതിലിന്‍റെ
തുരുമ്പിച്ച അഴികള്‍ക്കിടയിലൂടെ
പ്രതീക്ഷയുടെ കുഞ്ഞുറുമ്പുകള്‍
ഘോഷയാത്ര ചമച്ചിരുന്നത്
എനിക്കൊര്‍മയുണ്ട്..
എല്ലാം ഞെരിച്ചമര്‍ത്തുന്ന
കനത്തപദഗര്‍വഘോഷങ്ങള്‍
അടുത്തടുത്ത് വരുമ്പോളും
അകത്തൊരു കിളി
ആകാശം തേടി
ചിറകടിക്കുന്നത്
ഞാനറിഞ്ഞിട്ടുണ്ട്..
ഇരുട്ട് കൊടും മാരിയായി
ചുറ്റും പെയ്തിറങ്ങുമ്പോളും
അകലെ നിന്ന്
ഒരു മിന്നാമിന്നി
തീപ്പന്തം പേറി
പറന്നടുക്കുന്നത്
ഞാന്‍ കണ്ടിരുന്നു…
പക്ഷെ ഇന്ന്
വെളിച്ചവും കാറ്റും
കവിഞ്ഞു തുളുമ്പുന്ന
ഈ ധാരാളപ്പരപ്പുകളില്‍
ഉറുമ്പുകള്‍ തേനുണ്ട്
സുഖ നിദ്രയിലാണ്..
ആകാശക്കിളികള്‍
വിതക്കാതെ, കൊയ്യാതെ
ഇല്ലാ മരങ്ങളില്‍ ചടഞ്ഞിരിപ്പാണ്…
മിന്നാമിന്നികള്‍
പകല്‍ വെളിച്ചത്തില്‍
ടോര്‍ച്ചടിച്ചു കളിക്കുന്നു..
അകത്തു കേള്‍പ്പതു
അലസപദ വൃഥാ വിന്യാസം..
പ്രതീക്ഷകള്‍ക്ക്
പൊണ്ണത്തടി…
തടവ് പൊയ്പ്പോയി
വന്നത്.. പൊന്‍തടവോ!!
ഓര്‍മ്മയില്ലേ…?
കാഞ്ചനക്കുട്….?
************
കൃകു 13/1/2012
