ഓര്‍മല്ല്യല്ലോ.. ഒന്നും..!!

ഓര്‍മയുടെ താക്കോല്‍ക്കൂട്ടം കളഞ്ഞു പോയി ട്ടോ!!
തലയണച്ചോട്ടിലും ശീപോതിയറയിലും
കുളക്കടവിലും നടവഴികളിലുടനീളവും
പിന്നെ പഴഞ്ചൊല്ലുപ്രകാരം കുടത്തിലും
ഒക്കെ നോക്ക്ണ്ടായീ.. കൂട്ടക്കാരേ..സത്യായിട്ടും….
ആകെ ആലോസരായി.. ഒന്നും ഓര്‍മയിലില്ല
ഒന്നും ന്നു വച്ചാ ഒന്നും..

മനസ്സ് ഒഴിഞ്ഞൊരു കൂടു പോലെ
വരാന്തയുടെ മൂലയില്‍ കാറ്റത്തു ആടിക്കൊണ്ടിരിക്ക്യാ…
അതിനിടയ്ക്ക് ദാ കേട്ടില്ലേ പിന്‍സ്വരം?
“അങ്ങന്നെ വേണം.. ഓര്‍മ ലേശം കൂടുതലായിരുന്നേ..
നന്നായി.. ഇനി അപ്പപ്പോളത്തെ മാമ്പഴക്കൂട്ടാന്‍റെ
അല്ലെങ്കി ബീഫ് പൊരിച്ചതിന്‍റെ ( ശ്ശ്,,,)
ഉപ്പും മുളകും രുചീം ഓര്‍ത്താ മതീല്ലോ..”
പിന്നെപ്പിന്നെ ഒക്കെ ശീലായീ ട്ടോ..
അല്ലെങ്കിലും എന്തിനാന്നേ ഈ ഓര്മ ..?
വെര്‍തെ വേദനിക്കാനും വേദനിപ്പിക്കാനും ..ല്ലേ?
പഴയ രുചികള്‍.. പാട്ടുകള്‍.. ശീലങ്ങള്‍
സ്വപ്‌നങ്ങള്‍.. പ്രേമങ്ങള്‍.. നേതാക്കള്‍.. മുദ്രാവാക്യങ്ങള്‍..
ഒക്കെ മാറ്റണംന്ന് പ്രസംഗത്തില്‍ കേള്‍ക്കു മ്പോ
ഇത്രയ്ക്ക് എളുപ്പാവുംന്ന് ഒട്ടും നിരീച്ചില്ല..!!
ഏതായാലും കേമായി..
ങ്ങേ.. എന്തെ പറഞ്ഞേ?
ഫാസിസംന്നോ.. അഹിംസാന്നോ.. അയ്യയ്യോ
ഒന്നും ഒര്‍മയില്ലല്ലോ.. ഒരു ലേശം പോലും….
കേട്ട പരിചയം പോലും ല്ല്യാ ട്ടോ..
ഇനി ഞാന്‍ ഉറങ്ങട്ടെ ട്ടോ..
ഓര്‍മകളുടെ
സുഖമോ ഭാരമോ ഇല്ലാതെ..
മലര്‍ന്നു കിടന്ന്.. ചത്തപോലെ..
ഇതന്യാവും മോക്ഷം… ല്ലേ??.

*********
കെ. കെ. കൃഷ്ണകുമാര്‍
24-07-17


Leave a Reply

Your email address will not be published. Required fields are marked *