ഒരു മഴ! പല മഴ!
പുലര്കാലക്കുളിര്ത്തെന്നലില്
വെയിലിന് വെളളിക്കൊലുസുമണി
ഞ്ഞെത്തി,യെന്നുള്ളില് തുള്ളു-
മിളം പൈതലായ് മഴ…
പിന്നെന്റെ മുറ്റത്തൊരു
മുല്ലപ്പൂപ്പന്തലുകെട്ടി
തുടികൊട്ടിയാടിപ്പാടും
സുരസുന്ദരിയായ് മഴ..
നട്ടുച്ചക്കിരുളു പുതച്ച്,
നീളന് മുടി ചുറ്റും ചിതറി
അലതല്ലി ചിരിച്ചു കൊണ്ടൊരു
ഭ്രാന്തത്തിപ്പെണ്ണായ് മഴ..
അന്തിക്കിരുകണ്ണിലുമോരോ
മിന്നല്പ്പിണ൪പന്തംചൂടി
ഇടിവെട്ടിന് ചിലങ്ക കെട്ടി
കലി തുള്ളും കോമരമായ് മഴ…
എല്ലാരുമുറങ്ങും നേരം
ഇടിമിന്നല് ചേലയണിഞ്ഞു
ജനവാതില്പ്പാളിയിയിലൂടെ
കൈനീട്ടും കാമിനിയായ് മഴ..
നടുനട്ടപ്പാതിരനേരം,
നടുമിറ്റത്തൂണില് ചാരി
ഓര്ത്തോര്ത്തു വിതുമ്പിക്കരയു-
മൊരേകാകിനിയായ് മഴ..
അതിരാവിലെയമ്പലമുറ്റ
ത്തരയാലിന് തറയിലനാഥം
കരിയിലതന്വിരിയിലുറങ്ങും
മുതുമുത്തശ്ശിയായ് മഴ..
**********************
22-06-11 കൃകു
