ഒരു പ്രേം കഹാനി
അന്തിനിലാവത്ത്, പൊന്നാനിക്കടവത്ത്
കര ചെന്ന് കടലിന്റെ കാതിലോതീ:
“പുന്നാരമണിമുത്തേ ഞമ്മക്കീ നാടുവി-
ട്ടോരു കിനാത്തോണി തുയഞ്ഞു പോകാം..
ഇവിടടീ ഹലാക്കിലെ മത്തിമണത്തില്
ഒരു സുമാറില്ലെന്റെ ഖല്ബേ .”
അന്നേരം മോഞ്ചത്തി കൊലുസും കുലുക്കി–
ക്കോണ്ടിവിധം പ്രതിവചിച്ചാള്:
“ഇങ്ങക്ക് നട്ടപ്പിരാന്താ മനിശ്യനേ..
എങ്ങണ്ട് മണ്ടാനാ മോന്തി നേരത്ത്?
മുണ്ടാണ്ടെ മൂലയ്ക്ക് കേറിക്കെടന്നോളി
ബല്ലോരും കേക്കണ്ട..പുയ്യാപ്പളെ..”
നാട്ടികക്കടലോരത്തീറന് കാറ്റത്ത്
കര പിന്നേം രാഗവിവശനായീ…
“ക്ടാവേ ഈ പരിപാടി ശേര്യാവില്ലട്ടാ..
മ്മക്ക് ഒരു പോക്കങ്ങട് പോവാം മുത്തേ.
ഇവടാകപ്പാടെ അദിന്റെ ഒരു ഇദില്ലാട്ടാ…
എന്തുട്ട് മരണത്തെരക്കാ മൈനേ…”
അത് കേട്ട കടലൊട്ടൊന്നന്ധാളിച്ചു-
അലയടിച്ചാകവേ പരിഭവിച്ചാള്::
“അയ്യാ ഇതെന്തൂട്ട് വര്ത്താനണ്,
മാളോരേ, ഇയ്യാള് പോരും വഴി
അന്തിക്കാട്ടെങ്ങാനും ഷാപ്പീക്കേറീ-
ട്ടാരേഴുകുപ്പി കമഴ്തിക്കാണും.”
അന്നേരം കര പാഞ്ഞു കൊച്ചീലെത്തി..
ശൃംഗാര ഭാവത്തില് വീണ്ടും ചൊന്നാന്:
“പെണ്ണാളെ നുമ്മക്ക് പോവാം കേട്ടാ
ഇവടപ്പടി കൊതുകിന്റെ കൂടാ കെട്ടാ
പുന്നാരമോന്തേല് കൊതു കുത്തും ട്ടാ..”
“കര്ത്താവേ ഇതിയാന് ഹാലിളക്യാ..
മാതാവേ ഇത് വല്ലോം കേക്കനുണ്ടാ”
കൊച്ചിക്കടല് നെഞ്ഞത്താഞ്ഞടിച്ചൂ
കോട്ടപ്പുറത്തോളം തിരയടിച്ചൂ…
പിന്നെ കര ചെന്നു കോവളത്തെ
തുവെള്ള മണലിരുന്നു പാടീ
“എന്തരു പരിപാടി ചെല്ലക്കിളിയെ
നമ്മള്ക്ക് കാനനഛായകളില്
ആടുകള് മേയ്ക്കുവാന് പോകാം പുള്ളേ..”
അന്നേരം കടലോ തിരിച്ചു പാടീ..
“വേണ്ടെന്റെ ച്യാട്ടാ, വ്യണ്ട വ്യണ്ട
പാടില്ല പാടില്ല നമ്മെ നമ്മള്
പാടേ മറന്നൊന്നും ചെയ്തു കൂടാ…”
****
11/10/2011 കൃകു
