ഒന്നു കരയിക്കാന്‍
നിന്മിഴികളില്‍ നിശ്ചലം
നൊമ്പരക്കരിംകടല്‍
മുഖത്തോ ശൂന്യമാം
മരുഭൂവിന്‍മഹാമൌനം
ഇമയനങ്ങാതെ, കൃഷ്ണശിലയില്‍
കാലം തീര്‍ത്ത
അലറും കൊടുംകാറ്റിന്‍
ശില്‍പ്പം പോലെ നീ..
കലങ്ങിത്തിമര്‍ത്തൊ ഴുകും
കാബൂള്‍ നദിക്കരയില്‍….
എന്‍റെ ഗവേഷണച്ചോദ്യങ്ങള്‍,
ഉത്തരം കിട്ടാതെ,
നിന്മിഴിനീരുറഞ്ഞ
ഹിമ മഹാ ശിഖരങ്ങളില്‍
അഞ്ഞാഞ്ഞിടിച്ച്,
ചിറകൊടിഞ്ഞ പക്ഷികളെപ്പോല്‍
ചിന്നിച്ചിതറി
പിടഞ്ഞുവീണു കൊണ്ടിരിക്കെ,
നീളന്‍ താടിയില്‍
നിറയെ സ്നേഹം കുരുക്കിയിട്ട
കാബൂളിവാലയെപ്പോലുള്ള
ഡോക്ടര്‍ മുഹമ്മദ് ഖാന്‍
പരിഭ്രാന്തിയില്‍
പ്രതീക്ഷ കലര്‍ത്തിക്കൊണ്ടു
പറയുകയാണ്:
“സുഹൃത്തേ, ഇനിയും
ചോദിച്ചുകൊണ്ടേയിരിക്കു..
കല്ലുപൊലെയും മുള്ളുപോലെയും
പൂവുപോലെയുമുള്ള ചോദ്യങ്ങള്‍
തീക്കനല്‍ പോലെയും
മഞ്ഞുതുള്ളിപോലെയും ചോദ്യങ്ങള്‍
അവള്‍ക്കു നേരെ
പതിയെ പതിയെ എറിഞ്ഞുകൊള്ളൂ…
അതില്‍ ഒരു ചോദ്യം,
ഒരേ ഒരെണ്ണമെങ്കിലും
ആ മൌനത്തിന്‍റെ
കന്മതില്‍ തറച്ചുകയറി
അതിലൊരു വിള്ളല്‍ ചമച്ചെങ്കില്‍…
അവള്‍ പൊട്ടിപ്പൊട്ടി കരഞ്ഞെങ്കില്‍…
ആ കണ്ണൂനീര്‍ച്ചാ ലിലൂടെ, അവളുടെ
പ്രാണന്‍ വീണ്ടും കരയ്ക്കടുക്കും..
കരയിക്കു..,അവളെ പോട്ടിക്കരയിക്കു….”
അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ്
കണ്ണുകള്‍ നിറഞ്ഞൊഴുകി..
**************************
കൃകു ഏപ്രില്‍ 2012