ആസ്തമനങ്ങള്‍
ഓരോ സൌഹൃദവും ഒടുങ്ങുന്നത്
സൂര്യാസ്തമനം പോലെയാണ്..
മനസ്സിന്‍റെ പടിഞ്ഞാറേ മാനത്ത്
നിറച്ചും ചേംചോര പടരും,
നേര്‍ത്ത വേദനയുടെ
കൂര്‍ത്ത വെള്ളിസ്സൂചികള്‍
ഒന്നൊന്നായി ആണ്ടുകയറും,
ഓര്‍മ്മപ്പക്ഷികള്‍ ഓരോരുത്തരായി
തിരിച്ചു പറക്കും,
കാറ്റ് ഒച്ചയനക്കാതെ
ഉള്ളിലെ ഇലകളില്‍ പടര്‍ന്ന് വിതുമ്പും
സ്നേഹത്തിളക്കങ്ങള്‍ പതുക്കെപ്പതുക്കെ
കടലും ആകാശവും പോലെ
എല്ലാം മായ്ക്കുന്ന ഇരുളിലലിയും..
ചീവീടുകള്‍ മാത്രം
തത്വജ്ഞാനികളെപ്പോലെ
ചിലച്ചു കൊണ്ടിരിക്കും..
ഒടുവില്‍ നിദ്രയുടെ
കട്ടിക്കംബിളിയില്‍
ദുസ്വപ്നങ്ങളെപ്പുണര്‍ന്നു
അറിയാതെ ഉറങ്ങും..
നാളെ അസ്തമിക്കാനായി
സൂര്യനുദിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ..
എന്നിട്ടെന്തു?
വീണ്ടും ഉദയം..
വീണ്ടും തളിര്‍ക്കുന്ന സൌഹൃദങ്ങള്‍
പിന്നെ..വീണ്ടുംവീണ്ടും
ചോരപുരണ്ട അസ്തമനങ്ങള്‍..
**********************
കൃകു 29, ഏപ്രില്‍, 2012
